എംസിബിയും ഹണിബീയും ജവാനും എവിടെ?; ബെവ്കോയിൽ ജനപ്രിയ ബ്രാൻഡുകളില്ല; മദ്യക്ഷാമം രൂക്ഷം, റാക്കുകളിൽ വിലകൂടിയ ഇനങ്ങൾ മാത്രം
സുൽത്താൻ ബത്തേരി: ആഘോഷനാളുകളിലും ബെവ്കോ ഔട്ട്‌ലെറ്റുകളിൽ മദ്യക്ഷാമം രൂക്ഷമാകുന്നു. ബത്തേരി മന്ദംകൊല്ലിയിലെ ഔട്ട്‌ലെറ്റിൽ എംസിബി, ഹണി ബി, ജവാൻ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ കിട്ടാനില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. വിലകുറഞ്ഞ ഇനങ്ങൾ തീർന്നതോടെ റാക്കുകൾ പലതും കാലിയായി കിടക്കുകയാണ്. നിലവിൽ വിലകൂടിയ പ്രീമിയം ബ്രാൻഡുകൾ മാത്രമാണ് കൗണ്ടറുകളിൽ ലഭ്യമാകുന്നത്.
കോഴിക്കോട് വെള്ളയിലുള്ള വെയർഹൗസ് ഷിഫ്റ്റിംഗ് നടക്കുന്നതിനാൽ സ്റ്റോക്ക് എത്തുന്നതിലുണ്ടായ കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇന്ന് ഒരു ലോഡ് എത്തുമെങ്കിലും, ചുരുങ്ങിയത് മൂന്ന് ലോഡ് എങ്കിലും തുടർച്ചയായി എത്തിയെങ്കിൽ മാത്രമേ ജില്ലയിലെ മദ്യക്ഷാമത്തിന് പരിഹാരമാകൂ എന്ന് അധികൃതർ പറയുന്നു. ബത്തേരിക്ക് പുറമെ മാനന്തവാടി, കൽപ്പറ്റ ഔട്ട്‌ലെറ്റുകളിലും സമാനമായ രീതിയിൽ സ്റ്റോക്ക് കുറവുണ്ട്.
മാർച്ച് മാസത്തിലെ സ്റ്റോക്കെടുപ്പ്, ഈസ്റ്റർ അവധി, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്രൈ ഡേകൾ എന്നിവയെല്ലാം ലോഡുകൾ എത്തുന്നതിനെ ബാധിച്ചുവെന്ന് അധികൃതർ വിശദീകരിക്കുന്നു. ഇതിനുപുറമെ കോഴിക്കോട്ടെ വെയർഹൗസിൽ തൊഴിലാളികൾ സമരത്തിലായതും ജില്ലയിലേക്കുള്ള വിതരണ ശൃംഖലയെ അവതാളത്തിലാക്കി. സാധാരണക്കാരായ ഉപഭോക്താക്കൾ ആശ്രയിക്കുന്ന ബ്രാൻഡുകൾ ലഭിക്കാത്തത് ആഘോഷവേളയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.