എല്‍ നിനോ ചതിച്ചാശാനേ..! തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമാകും; സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു

Update: 2026-04-13 13:04 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കഠിനമാകുന്നതിനിടെ ആശങ്ക വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇത്തവണത്തെ തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനമായ 'എല്‍ നിനോ' പ്രതിഭാസം ഇത്തവണത്തെ മണ്‍സൂണിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതുമൂലം കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാര്‍ഷിക മേഖലയെയും ജലലഭ്യതയെയും ഒരുപോലെ ബാധിച്ചേക്കാവുന്ന ഈ സാഹചര്യം വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.

നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ നേരിയ തോതില്‍ ലഭിക്കുന്നുണ്ടെങ്കിലും താപനില ക്രമാതീതമായി ഉയരുകയാണ്. ഏപ്രില്‍ 14 വരെ കേരളത്തിലെ പത്തോളം ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ താപനില 38°C വരെ ഉയരാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും പത്തനംതിട്ടയില്‍ 36°C വരെയും താപനില വര്‍ദ്ധിച്ചേക്കാം. ഇത് സാധാരണ ലഭിക്കേണ്ട താപനിലയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ കൂടുതലാണ്.

ഉയര്‍ന്ന താപനില കണക്കിലെടുത്ത് കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട്, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നതും താപനില ഉയരുന്നതും കാരണം മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കടുത്ത അസ്വസ്ഥതയും ചൂടും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. കാലവര്‍ഷം ദുര്‍ബലമാകുമെന്ന സൂചനകള്‍ കൂടി പുറത്തുവന്നതോടെ വരാനിരിക്കുന്ന മാസങ്ങളില്‍ ജാഗ്രതയോടെയുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാനത്തിന് അനിവാര്യമായിരിക്കുകയാണ്.

Similar News