ഭാരതീയ കിസാൻ സംഘിൻറെ നേതൃത്വത്തിൽ കാർഷിക നവോത്ഥാനയാത്ര സംഘടിപ്പിക്കുന്നു; കേരളത്തിലെ ആയിരക്കണക്കിന് കാർഷിക ഗ്രാമങ്ങളിലൂടെ സഞ്ചരിക്കും; കർഷകരെ ആദരിക്കും
തിരുവനന്തപുരം: കേരളത്തിലെ കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് കേരള കാർഷിക ബദൽ നിർദ്ദേശിച്ചുകൊണ്ടും ഭാരതീയ കിസാൻ സംഘിൻറെ നേതൃത്വത്തിൽ കാർഷിക നവോത്ഥാനയാത്ര സംഘടിപ്പിക്കുന്നു. 2025 ഏപ്രിൽ 2-ാം തീയതി മഞ്ചേശ്വരം ഉപ്പളയിലെ രാഷ്ട്രകവി ശ്രീ ഗോവിന്ദപൈയുടെ സ്മാരകത്തിൽ നിന്നാരംഭിക്കുന്ന നവോത്ഥാനയാത്ര ഏപ്രിൽ 28-ന് തിരുവനന്തപുരം ഗാന്ധിപ്പാർക്കിൽ സമാപിക്കും.
14 ജില്ലകളിലൂടെ 152 ബ്ലോക്കുകൾ കടന്ന് കേരളത്തിലെ ആയിരക്കണക്കിന് കാർഷിക ഗ്രാമങ്ങൾ പിന്നിട്ട് യാത്ര 2500 കിലോമീറ്റർ സഞ്ചരിക്കും. കൂടാതെ പ്രമുഖ കൃഷിയിടങ്ങൾ, പാടശേഖരങ്ങൾ, കാർഷിക ഗവേഷണസ്ഥാപനങ്ങൾ തുടങ്ങിയവയും സന്ദർശിക്കും. 158 പ്രധാന പൊതുയോഗങ്ങളേയും നൂറുകണക്കിന് കർഷക സദസ്സുകളേയും അഭിസംബോധനചെയ്യുന്ന കാർഷിക നവോത്ഥാനയാത്ര രണ്ടുലക്ഷത്തിലധികം കർഷകരുമായി നേരിട്ടു സംവദിക്കുകയും 1000 കർഷകരെ ആദരിക്കുകയുമാണ് ലക്ഷ്യം.
ഭാരതീയ കിസാൻ സംഘ് സംസ്ഥാന പ്രസിഡൻ്റ് ഡോ. അനിൽ വൈദ്യമംഗലം നയിക്കുന്ന കാർഷിക നവോത്ഥാനയാത്ര അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ദിനേശ് ദത്താത്രയ കൽക്കർണി ഉദ്ഘാടനം ചെയ്യും. 250 സ്ഥിരാംഗങ്ങളും ഓരോ ജില്ലയിലുമെത്തുമ്പോൾ ആയിരക്കണക്കിന് പ്രവർത്തകരും യാത്രയ്‌ക്കൊപ്പം അണിചേരും. ഏപ്രിൽ 14-ന് ഗുരുവായൂരിൽ വിഷു-കാർഷിക ഗ്രാമോത്സവം നടക്കും. കാർഷിക കലകളുടെ പ്രദർശനവും വിഷുമഹോത്സവവും അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറി ഗജേന്ദ്രസിംഗ് ഉദ്ഘാടനം ചെയ്യും.
28-ന് തിരുവനന്തപുരം ഗാന്ധിപ്പാർക്കിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ ബി.കെ. എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. അനിൽ വൈദ്യമംഗലം അദ്ധ്യക്ഷത വഹിക്കും. ഓൾ ഇന്ത്യ ജനറൽ സെക്രട്ടറി മോഹിനി മോഹൻമിശ്ര ഉദ്ഘാടനം നിർവ്വഹിക്കും. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്റ് ടി. പെരുമാൾ, ദേശീയ സമിതി അംഗം ഇ. നാരായണൻകുട്ടി, സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ.രതീഷ് ഗോപാൽ, സംഘടനാ സെക്രട്ടറി പി. മുരളീധരൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.രാമചന്ദ്രൻ നായർ, പി. സുകുമാരൻ തുടങ്ങിയവർ പ്രസംഗിക്കും.