പരാതിയെപ്പറ്റി അന്വേഷിക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു; യുവതിയെ കത്തികൊണ്ട് കഴുത്തിൽ കുത്താൻ ശ്രമം; പ്രതിയെ കീഴ്‌പ്പെടുത്തിയത് സാഹസികമായി

Update: 2026-01-30 11:52 GMT

തിരുവനന്തപുരം: കടക്കാവൂർ പൊലീസ് സ്റ്റേഷനിൽവെച്ച് പരാതിക്കാരിയെ കഴുത്തിൽ കുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പെരുങ്കുളം സ്വദേശി മുഹമ്മദ് ഖാനെതിരെ വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തു. കൃത്യസമയത്തുള്ള പൊലീസിന്റെ ഇടപെടൽ കാരണം പരാതിക്കാരി രക്ഷപ്പെട്ടു. യുവതി നൽകിയ പരാതിയിന്മേൽ സംസാരിക്കാനായി എസ്.എച്ച്.ഒ ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾ ബാഗിൽനിന്ന് കത്തിയെടുത്ത് പ്രതി യുവതിയുടെ കഴുത്തിൽ കുത്താൻ ശ്രമിക്കുകയായിരുന്നു. ഉടൻതന്നെ പൊലീസുകാർ ഇയാളെ കീഴ്പ്പെടുത്തുകയും യുവതിയെ രക്ഷപ്പെടുത്തുകയും ചെയ്തു. മുഹമ്മദ് ഖാനും ആക്രമിക്കപ്പെട്ട യുവതിയും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. കുറച്ചുകാലമായി പ്രതി തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ മുഹമ്മദ് ഖാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Similar News