ആയുഷ്മാന്‍ ഭാരത് പദ്ധതി; രജിസ്‌ട്രേഷനില്‍ കേരളം ഒന്നാമത്

ആയുഷ്മാന്‍ ഭാരത് പദ്ധതി; രജിസ്‌ട്രേഷനില്‍ കേരളം ഒന്നാമത്

Update: 2024-11-12 01:36 GMT

ന്യൂഡല്‍ഹി: 70 വയസ്സു കഴിഞ്ഞവര്‍ക്കുള്ള അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ കേരളം ഒന്നാമതായി. രജിസ്‌ട്രേഷന്‍ ആരംഭിച്ച ആദ്യ ആഴ്ചത്തെ കണക്കാണിത്. രാജ്യത്താകെ 2.16 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 73,193 പേരാണ് കേരളത്തില്‍ നിന്നുള്ളത്. നിലവില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗങ്ങളായ 16,680 പേര്‍ വീണ്ടും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മധ്യപ്രദേശ് (45,305), യുപി (44,547) എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്.

ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കേരളത്തില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്) ലയിപ്പിച്ചാണു നടപ്പാക്കുന്നത്. സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങളിലെ 70 വയസ്സ് കഴിഞ്ഞ 26 ലക്ഷം പേര്‍ക്കാണ് പദ്ധതിയില്‍ അംഗമാകാന്‍ അവസരം. ചികിത്സച്ചെലവില്‍ 60% കേന്ദ്രവും 40% കേരളവും വഹിക്കും. ഇവരില്‍ 9 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ നിലവില്‍ കാസ്പില്‍ അംഗങ്ങളാണ്.

ദേശീയ ആരോഗ്യ അതോറിറ്റിയുടെ വെബ്‌സൈറ്റിലോ (www.beneficiary.nha.gov.in) ആയുഷ്മാന്‍ ഭാരതിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലോ ആധാറും മൊബൈല്‍ നമ്പറുമുപയോഗിച്ച് റജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഈ ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ചാണ് ആശുപത്രികളില്‍നിന്നു സേവനം ലഭ്യമാകുക.

Tags:    

Similar News