പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം ചികിത്സാപിഴവ് മൂലമല്ല; മരണകാരണം അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് ശ്വാസകോശത്തില്‍ കയറിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം ചികിത്സാപിഴവ് മൂലമല്ല
പാലക്കാട്: പട്ടാമ്പിയില്‍ ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍, ചികിത്സാപിഴവല്ല മറിച്ച് അപൂര്‍വ്വമായ ആരോഗ്യപ്രശ്‌നമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറാണ് പ്രാഥമിക നിഗമനങ്ങള്‍ പുറത്തുവിട്ടത്. ഗര്‍ഭപാത്രത്തിലെ അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് ശ്വാസകോശത്തില്‍ പ്രവേശിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.
ഇത്തരം സാഹചര്യങ്ങള്‍ പെട്ടെന്നുണ്ടാകുന്നതും ഡോക്ടര്‍മാര്‍ക്ക് ഇടപെടാന്‍ പരിമിതമായ അവസരങ്ങള്‍ മാത്രം നല്‍കുന്നതുമാണ്. അതിനാല്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കരുതാനാവില്ലെന്ന് ഫോറന്‍സിക് സര്‍ജന്‍ വ്യക്തമാക്കി.
ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന തൃത്താല മേഴത്തൂര്‍ സ്വദേശിനി നൗഷിജയെ ഈ മാസം 16-നാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ യുവതിക്ക് പെട്ടെന്ന് ശ്വാസതടസ്സവും കടുത്ത രക്തസ്രാവവും അനുഭവപ്പെട്ടു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃത്താല പോലീസ് നിലവില്‍ കേസെടുത്തിട്ടുണ്ട്.