'ചികിത്സ വേണ്ടത് സിസ്റ്റത്തിന്'; വീണാ ജോര്‍ജിനെ സംവാദത്തിന് വെല്ലുവിളിച്ച് കെ.ജി.എം.സി.ടി.എ.

Update: 2026-02-21 08:45 GMT

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് ആരോപണത്തിന് പിന്നാലെ ഡോ. ഷാഹിദയെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ. (KGMCTA). ആരോഗ്യവകുപ്പിലെ പിഴവുകള്‍ പരിഹരിക്കാന്‍ 'ഒറ്റമൂലി' ചികിത്സ കൊണ്ട് സാധിക്കില്ലെന്നും നിലവിലെ സിസ്റ്റത്തിനാണ് യഥാര്‍ത്ഥത്തില്‍ ചികിത്സ വേണ്ടതെന്നും സംഘടന പരിഹസിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച ഡോക്ടര്‍മാര്‍, സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

ശാസ്ത്രീയമായ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പേയുള്ള സസ്‌പെന്‍ഷന്‍ അംഗീകരിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി. ആശുപത്രികളിലെ സൗകര്യങ്ങളുടെ പോരായ്മ പരിഹരിക്കാതെ വ്യക്തികളെ ബലിയാടാക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയെക്കുറിച്ച് പത്ത് വര്‍ഷമായി പരാതിപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ കണ്ണടയ്ക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. 'ആശുപത്രികളില്‍ ജോലി ചെയ്യുന്നത് മന്ത്രിയല്ല, ഡോക്ടര്‍മാരാണ്. താഴെത്തട്ടിലെ പരിമിതികള്‍ കൃത്യമായി അറിയുന്നത് ഞങ്ങള്‍ക്കാണ്. എല്ലാ സൗകര്യങ്ങളും അവിടെ ഉണ്ടെന്നാണോ മന്ത്രി കരുതുന്നത്?' ഡോക്ടര്‍മാര്‍ ചോദിച്ചു. പരിമിതികള്‍ പരിഹരിക്കാമെന്ന് ഒരിക്കല്‍ പോലും പറയാത്ത മന്ത്രി, പോരായ്മകള്‍ക്കിടയില്‍ ഇനിയും ജോലി ചെയ്യാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കരുത്. സിസ്റ്റത്തിന്റെ പരാജയം വ്യക്തികളുടെ തലയില്‍ കെട്ടിവെക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

നിലവിലെ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പ്രതിഷേധം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകാനാണ് സാധ്യത. ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റുന്ന സിസ്റ്റം തകരാറുകള്‍ പരിഹരിക്കാന്‍ തലപ്പത്തിരിക്കുന്നവര്‍ തയ്യാറാകണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

Similar News