ആയുഷ്മാന്‍ ഭാരത്; 70 കഴിഞ്ഞവരുടെ ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള രജിസ്‌ട്രേഷന്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നടത്താന്‍ നീക്കം
ആയുഷ്മാന്‍ ഭാരത്; 70 കഴിഞ്ഞവരുടെ രജിസ്‌ട്രേഷന്‍ അക്ഷയ വഴി നടത്താന്‍ നീക്കം
തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ, 70 വയസ്സു കഴിഞ്ഞവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നടത്താന്‍ ആലോചന. കേന്ദ്രത്തിന്റെ പദ്ധതിരേഖ ലഭിച്ചശേഷം തീരുമാനമുണ്ടാകും. അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയാവും ലഭിക്കുക. ആയുഷ്മാന്‍ ഭാരതിനെ സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ (കാസ്പ്) ലയിപ്പിച്ചാണു നടപ്പാക്കുന്നത്.
സംസ്ഥാനം 1000 കോടി രൂപ ചെലവഴിക്കുമ്പോള്‍ 151 കോടി രൂപയാണു കേന്ദ്രം അനുവദിക്കുക. സംസ്ഥാനത്ത്, 70 വയസ്സു കഴിഞ്ഞവരുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാരിന്റെ കൈവശം കൃത്യമായ രേഖകളില്ല. കേന്ദ്രത്തില്‍നിന്നു വിഹിതം നേടിയെടുക്കാന്‍ കൃത്യമായ കണക്കു വേണ്ടതിനാലാണു രജിസ്‌ട്രേഷനിലൂടെ വിവരം ശേഖരിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന 41.99 ലക്ഷം കുടുംബങ്ങളാണ് നിലവില്‍ കാസ്പിലെ അംഗങ്ങള്‍.
ഈ കുടുംബങ്ങളിലെ 70 വയസ്സു കഴിഞ്ഞവര്‍ക്ക് അധികമായി അഞ്ച് ലക്ഷം രൂപയുടെ കവറേജ് കൂടി നല്‍കാനാണു കേന്ദ്രത്തിന്റെ തീരുമാനം. കൂടാതെ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളിലുള്ള 70 കഴിഞ്ഞ എല്ലാവര്‍ക്കും പരിരക്ഷ ഉറപ്പാക്കും.