ആറ്റിങ്ങലിൽ ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ അപകടം; വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: ആറ്റിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പോളിടെക്നിക് വിദ്യാർഥിക്ക് ദാരുണാന്ത്യം. നാവായിക്കുളം സ്വദേശി ഗോകുൽ (19) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ വലിയകുന്ന് ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.
ആറ്റിങ്ങൽ പോളിടെക്നിക്കിലെ ഒന്നാം വർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥികളായ ഗോകുലും സുഹൃത്ത് അതുലും കോളേജിലെ ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു. വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ ഇവരുടെ ബൈക്ക് വളവിൽ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗോകുലിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അതുലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയും ഹെൽമെറ്റ് ധരിക്കാതിരുന്നതും അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതായി പോലീസ് പറഞ്ഞു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.