'ബീഫ് എനിക്ക് ഇഷ്ടമാണ്. പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പര്‍ ആണ്'; എന്‍.കെ. പ്രേമചന്ദ്രന് മറുപടിയുമായി ബിന്ദു അമ്മിണി
എന്‍.കെ. പ്രേമചന്ദ്രന് മറുപടിയുമായി ബിന്ദു അമ്മിണി
കോഴിക്കോട്: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എംപി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ബിന്ദു അമ്മിണി. ബീഫും പൊറോട്ടയും നല്‍കിയാണ് രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ചതെന്ന പ്രേമചന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായാണ് ബിന്ദു എത്തിയത്.
'ബീഫ് എനിക്ക് ഇഷ്ടമാണ്. പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പര്‍ ആണ്' എന്നായിരുന്നു ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെ ആയിരുന്നു എം.പിയുടെ പരമാര്‍ശം.
പൊറോട്ടയും ബീഫും നല്‍കി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ച പിണറായി സര്‍ക്കാര്‍ വിശ്വാസത്തെ വികലമാക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്. അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും സര്‍ക്കാരുമാണ് പമ്പയില്‍ കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നും എം.പി കുറ്റപ്പെടുത്തി.
'രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉള്‍പ്പടെയുള്ളവരെ പാലായിലെ റസ്റ്റ് ഹൗസില്‍ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസത്തെ വികലമാക്കി, അതിനുശേഷം ആരും കാണാതെ പൊലീസ് വാനില്‍ കിടത്തിക്കൊണ്ടുവന്ന് പമ്പയില്‍ എത്തിച്ച് മലകയറാന്‍ നേതൃത്വം കൊടുത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും സര്‍ക്കാരുമാണ് പമ്പയില്‍ കഴിഞ്ഞദിവസം ആഗോള അയ്യപ്പസംഗമത്തിന് നേതൃത്വം കൊടുത്തത്'- എന്നാണ് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞത്.