ദുർഗന്ധത്തെ തുടർന്ന് പരിശോധന; കോഴിക്കോട് ഉപയോഗശൂന്യമായ കുളത്തിൽ അജ്ഞാതന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-10-05 13:17 GMT
കോഴിക്കോട്: പൂക്കാട് പഴയ ടെലിഫോൺ എക്സ്ചേഞ്ചിന് പിന്നിലുള്ള ഉപയോഗശൂന്യമായ കുളത്തിൽ അജ്ഞാതനായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
ജീർണിച്ച നിലയിലായതിനാൽ മൃതദേഹം തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മൃതദേഹത്തിന്റെ കൂടെ തുണികളും കണ്ടെത്തിയിട്ടുണ്ട്. ഏതാനും ദിവസം മുൻപ് പൂക്കാട് ഭാഗത്ത് ചില വീടുകളിൽ മോഷണം നടന്നിരുന്നു. മോഷണ സംഘത്തിൽ ഉൾപ്പെട്ട യുവാവിന്റേതാണോ മൃതദേഹമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.