ആലുവ നേവൽ ആർമമെൻ്റ് ഡിപ്പോയ്ക്ക് പുതിയ മേധാവി; ചീഫ് ജനറൽ മാനേജരായി ബിപി സിംഗ് ചുമതലയേറ്റു
കൊച്ചി: ആലുവയിൽ നാവിക ആർമമെന്റ് ഡിപ്പോയുടെ (എൻഎഡി) ചീഫ് ജനറൽ മാനേജരായി (സിജിഎം) ബിപി സിംഗ് ചുമതലയേറ്റു. ഇന്ത്യൻ നേവൽ ആർമമെൻ്റ് സർവീസിൻ്റെ (ഐഎൻഎഎസ്) 1994 ബാച്ചിലെ വിശിഷ്ട ഉദ്യോഗസ്ഥനാണ് ബിപി സിംഗ്. എൻഐടി പട്‌നയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ സിംഗ് നാവികസേനയുടെ ആർമമെൻ്റ് ഡൊമൈനിൽ ധാരാളം അനുഭവസമ്പത്തുള്ള വ്യക്തിയാണ്.
1995 സെപ്റ്റംബർ 2-ന് ഇന്ത്യൻ നേവിയുടെ നേവൽ ആർമമെൻ്റ് ഓർഗനൈസേഷനിൽ ചേർന്നു. വിശാഖപട്ടണം, മുംബൈ, ട്രോംബെ എന്നിവിടങ്ങളിലെ ആർമമെൻ്റ് ഡിപ്പോകളിൽ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ അദ്ദേഹത്തിന്റെ പ്രവർത്തനം ഇന്ത്യൻ നാവികസേനയുടെ പ്രവർത്തന സന്നദ്ധത ശക്തിപ്പെടുത്തുന്നതിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.
ആലുവ എൻഎഡിയിൽ ചേരുന്നതിന് മുമ്പ് ന്യൂഡൽഹിയിലെ നാവിക ആസ്ഥാനത്തുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് നേവൽ ആർമമെൻ്റിൽ നേവൽ ആർമമെൻ്റ് പ്രിൻസിപ്പൽ ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.