എതിർദിശകളിലായി വന്ന ബസും ബൈക്കും; ശരവേഗത്തിൽ മറ്റൊരു വാഹനത്തെ മറികടന്നതും അപകടം; യുവാക്കൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; കേസെടുത്ത് പോലീസ്
മലപ്പുറം: ചുങ്കത്തറ മുട്ടിക്കടവിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിനെ മറികടക്കാൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ബസാണ് ബൈക്കിലിടിച്ചത്.
തിങ്കളാഴ്ച രാവിലെ 10.15 ഓടെ മുട്ടിക്കടവ് ജില്ലാ വിത്തുകൃഷി തോട്ടത്തിന് സമീപത്താണ് സംഭവം നടന്നത്. എടക്കര മുസ്ലിയാരങ്ങാടി സ്വദേശികളായ അരിക്കൽ വീട്ടിൽ സൽസബിൽ, തട്ടാൻ തൊടിക വീട്ടിൽ റിഷാൻ എന്നിവർക്കാണ് നിസാരമായ പരിക്കേറ്റത്. അപകടത്തിൽപ്പെട്ട ബൈക്ക് ബസ്സിനടിയിൽ അകപ്പെട്ട നിലയിലായിരുന്നു. നിയന്ത്രണം വിട്ട ബസ് സമീപത്തെ ബസിലിടിച്ചാണ് നിന്നത്.
ക്ഷണനേരത്തെ മനസാന്നിധ്യം കൊണ്ടാണ് യുവാക്കൾ രക്ഷപ്പെട്ടത്. മുന്നിലെ വാഹനത്തെ മറികടന്ന് അതിവേഗത്തിൽ വന്ന ബസ് തങ്ങളെ ഇടിക്കുമെന്ന് മനസ്സിലാക്കിയ ഉടൻ ബൈക്കിന്റെ ബ്രേക്ക് പിടിച്ച് വേഗത കുറച്ചശേഷം യുവാക്കൾ ബൈക്കിൽ നിന്ന് എടുത്തുചാടുകയായിരുന്നു. ഇരുവരുടെയും കണക്കുകൂട്ടൽ ശരിവച്ച് ബൈക്കിൽ ഇടിച്ച ബസ് അതിൻ്റെ മുകളിലൂടെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ കൃഷി തോട്ടത്തിൻ്റെ മതിലിൽ ഇടിച്ചുനിന്നു.
ഈ അപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾക്ക് കൈകാലുകളിൽ നിസാരമായ പരിക്കുകൾ മാത്രമേയുള്ളൂ. ബസ് യാത്രക്കാർക്കോ ഡ്രൈവർക്കോ പരിക്കേറ്റതായി വിവരമില്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. യുവാക്കളുടെ സമയോചിതമായ ഇടപെടൽ തന്നെയാണ് വലിയൊരു ദുരന്തം ഒഴിവായത്.