'പാലക്കാട് കരോള്‍ നടത്തിയത് മദ്യപിച്ച്'; കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍; ചോദ്യമുയര്‍ന്നപ്പോള്‍ മലക്കം മറിഞ്ഞു
പാലക്കാട് കരോള്‍ നടത്തിയത് മദ്യപിച്ച്'; കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍;
പാലക്കാട്: പാലക്കാട് പുതുശേരിയില്‍ കരോള്‍ നടത്തിയ കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. മദ്യപിച്ചാണ് കരോള്‍ നടത്തിയതെന്നാണ് ബിജെപി നേതാവ് ആരോപിച്ചത്. അതേസമയം വിഷയത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നത്തോടെ കൃഷ്ണകുമാര്‍ മലക്കം മറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്നായിരുന്നു കൃഷ്ണകുമാറിന്റെ വിശദീകരണം.
കരോള്‍ സംഘത്തെ അക്രമിച്ചതിന് അറസ്റ്റിലായ അശ്വിന്‍രാജിന് ബിജെപിയുമായി യാതൊരു ബന്ധവും ഇല്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു. കരോള്‍ ഭക്തിപൂര്‍വ്വം ആത്മീയതയോട് കൂടി ചെയ്യേണ്ടതാണെന്നും മദ്യപിച്ച് സി.പി.എമ്മിന്റെ ഏരിയ കമ്മിറ്റിയുടെ ബാന്റ് സെറ്റുമായി പോകുന്നവരെ കരോള്‍ സംഘമായിട്ടാണോ കാണേണ്ടത്. സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിച്ചത് എന്നും വാര്‍ത്താ സമ്മേളനത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
14 ഉം 15 ഉം വയസുള്ള കുട്ടികളായിരുന്നു കരോള്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. കുട്ടികളുടെ ഈ സംഘത്തെ ഒരു ബിജെപി പ്രവര്‍ത്തകന്‍ ആക്രമിക്കുകയായിരുന്നു. ബാന്റ് മേളങ്ങള്‍ ചവിട്ടി പൊട്ടിക്കുകയും ചെയ്തു. ബാന്റിനു മുകളില്‍ സിപിഎം എന്ന് എഴുതിയിട്ടുണ്ടെന്നും ഇതാണ് പ്രകോപനം ഉണ്ടാക്കിയത് എന്നുമാണ് പൊലീസ് പറയുന്നത്.