സ്റ്റോറിന്‍റെ പൂട്ട് തകർത്ത് അകത്ത് കയറി; ഒരു ചാക്ക് ഏലയ്ക്ക അടിച്ചുമാറ്റി; ഇടുക്കിയിൽ ഏലയ്ക്ക മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

Update: 2024-10-29 05:52 GMT

ഇടുക്കി: ഇടുക്കിയിൽ ഏലയ്ക്ക മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇടുക്കിയിലെ രാജാക്കാട് ആണ് സംഭവം നടന്നത്. ഏലം സ്റ്റോറിൽ സൂക്ഷിച്ചിരുന്ന ഒരു ചാക്ക് ഏലയ്ക്കയാണ് അടിച്ചുമാറ്റിയത്. കേസിൽ രണ്ടു പേരെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട് ബോഡിനായ്ക്കന്നൂർ മല്ലിംഗാപുരം കർണരാജ, മാവടി ചന്ദനപ്പാറ മുത്തുക്കറുപ്പൻ എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 19നാണ് മുന്നൂറേക്കർ ഓമ്പളായിൽ എസ്റ്റേറ്റിന്‍റെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന 52 കിലോ തൂക്കം വരുന്ന ഒരു ചാക്ക് ഏലയ്ക്കയാണ് പ്രതികൾ ചേർന്ന് അടിച്ചുമാറ്റിയത്.

സ്റ്റോറിന്‍റെ പൂട്ട് തകർത്തായിരുന്നു മോഷണം നടന്നത്. മോഷ്ടിച്ച ഏലയ്ക്ക രണ്ടാം പ്രതി മുത്തുക്കറുപ്പന്‍റെ വാഹനത്തിൽ കയറ്റി പുത്തടിയിലെ മലഞ്ചരക്ക് കടയിൽ എത്തിച്ച് കടയിൽ വിറ്റു. തുടർന്ന് ഒന്നാം പ്രതിയായ കർണരാജയെ മല്ലിംഗാപുരത്ത് കൊണ്ടു വിട്ട ശേഷം മുത്തുക്കറുപ്പൻ മടങ്ങി വന്നു. മുത്തുക്കറുപ്പന്‍റെ ഭാര്യാവീട് മല്ലിംഗാപുരത്താണ്.

എസ്റ്റേറ്റിലെ മുൻ ജീവനക്കാരനായിരുന്ന തമിഴ്നാട് മല്ലിംഗാപുരം സ്വദേശി രാജേഷിന്‍റെ നിർദ്ദേശപ്രകാരമാണ് പ്രതികൾ മോഷണം നടത്തിയത്. സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികൾ അറസ്റ്റ് ചെയ്തത്.

Tags:    

Similar News