ഹെൽമറ്റ് ധരിച്ച് മോഷ്ടിച്ച സ്കൂട്ടറിലിലെത്തും; പിന്നാലെ സ്ത്രീകളുടെ മാല പിടിച്ച് പറിക്കും; ഒടുവിൽ പട്ടാളക്കാരൻ പോലീസിന്റെ പിടിയിൽ
തലശ്ശേരി: ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച കേസിൽ പട്ടാളക്കാരൻ വീണ്ടും പോലീസ് പിടിയിലായി. പിണറായി കാപ്പുമ്മൽ കുഞ്ഞിലാം വീട്ടിൽ ശരത്താണ് (34) പിടിയിലായത്. നേരത്തേ തലശ്ശേരിയിൽ സമാന കേസിൽ ഇയാൾ പിടിയിലായിരുന്നു. കഴിഞ്ഞ ദിവസം പിണറായി പോലീസ് സ്റ്റേഷൻ പരിധിയിലെ കനാൽക്കര വായനശാലക്ക് സമീപത്ത് വെച്ച് യുവതിയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിലെത്തിയ പ്രതി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പിണറായി അറത്തിൽ കാവിനടുത്ത സി.കെ. ഷീബയുടെ രണ്ടര പവന്റെ മാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. എന്നാൽ പിടിവലിക്കിടയിൽ കാൽപവന്റെ താലി മാത്രമാണ് മോഷ്ടാവിന് ലഭിച്ചത്. ഇതിന്റെ സി. സി.ടി.വി ദൃശ്യം സംഭവ സ്ഥലത്തുനിന്ന് ലഭിച്ചിരുന്നു.
വെള്ളിയാഴ്ചയും സമാനമായ മോഷണമുണ്ടായിരുന്നു. ധർമടം പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരുന്താറ്റിൽ മൂർക്കോത്ത് മുക്കിൽ ചാത്തോത്ത് കുനിയിൽ വി. വിജയയുടെ (60) കഴുത്തിൽനിന്ന് മാല പൊട്ടിക്കാൻ ശ്രമമുണ്ടായി. ഇവിടെയും ഇയാൾ ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിലായിരുന്നു എത്തിയത്. തുടർന്ന് ലഭിച്ച പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അന്വേഷണത്തിൽ മോഷ്ടിച്ച ഇരുചക്രവാഹനവുമായി എത്തിയാണ് പ്രതി മാല കവർന്നതെന്ന് പോലീസിന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിണറായി പൊലീസ് ശരത്തിനെ പിടികൂടുകയായിരുന്നു. എസ്.ഐ ബി.എസ്. ബാവിഷ്, എ. എസ്.ഐമാരായ രാജേഷ്, രജീഷ്, തലശ്ശേരി എ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ ലിജു, ശ്രീലാൽ, രതീഷ് എന്നിവർ ചേർന്നാണ് ശരത്തിനെ പിടികൂടിയത്.