പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇനി മുതല്‍ പ്രദേശവാസികള്‍ക്കും ടോള്‍; 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് അടക്കേണ്ടത് 350 രൂപ; സൗജന്യ പാസ് അനുവദിച്ചിരിക്കുന്നത് 3800 പേര്‍ക്ക്; നാട്ടുകാരില്‍ നിന്ന് ടോള്‍ പിരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി സംഘടനകള്‍

Update: 2025-04-01 04:03 GMT

തൃശൂർ: മണ്ണുത്തി - വടക്കുംചേരി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ ഇനി മുതൽ പ്രദേശവാസികൾക്കും ടോൾ അടക്കേണ്ടി വരും. ഇന്ന് രാവിലെ ഒമ്പത് മണി മുതൽ ടോൾ പിരിവ് ആരംഭിക്കും. 7.5 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് ഇളവ് ലഭിക്കുമ്പോഴും, 3800 പേർക്കാണ് സൗജന്യ പാസ് അനുവദിച്ചിരിക്കുന്നത്. 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് പ്രതിമാസ പാസ് 350 രൂപ നിരക്കിലാണ് നൽകുക.

നാട്ടുകാരിൽ നിന്ന് ടോൾ പിരിക്കാൻ തീരുമാനിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ രാവിലെ മുതൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

ഈ നീക്കം നേരത്തെയും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതിന്റെ പശ്ചാത്തലത്തിൽ, ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ടോൾ കമ്പനി അധികൃതർ അഞ്ച് കിലോമീറ്റർ പരിധിയുള്ളവർക്ക് ടോൾ ഒഴിവാക്കാമെന്നും, മറ്റു പ്രദേശവാസികൾ മാസപാസ് വഴിയാണ് യാത്ര തുടരേണ്ടതെന്നുമുള്ള നിർദ്ദേശം മുന്നോട്ടുവച്ചെങ്കിലും നാട്ടുകാർ ഇത് അംഗീകരിക്കാൻ തയ്യാറായില്ല.

പന്നിയങ്കര ടോൾ പ്ലാസ വഴി പ്രതിമാസം ഏകദേശം 9,000 വാഹനങ്ങളാണ് സൗജന്യമായി കടന്നുപോകുന്നതെന്ന് കരാർ കമ്പനിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വടക്കുംചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ താമസക്കാർക്കായിരുന്നു മുൻപ് ടോൾ ഇളവു ലഭിച്ചിരുന്നത്. പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഇതിന് ഒരു പരിഹാരം ഉണ്ടാകുമോ എന്നത് ഇപ്പോഴും അനിശ്ചിതമാണ്.

Tags:    

Similar News