യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ മര്‍ദ്ദിച്ച പോലീസുകാരെ പിരിച്ചു വിടണം; മുഖ്യമന്ത്രി ഈ വിഷയത്തില്‍ മറുപടി പറയണം; ശബരിമലയില്‍ ആചാര ലംഘനം നടത്തിയതിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല

Update: 2025-09-04 09:21 GMT


ചെന്നിത്തല

തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അത്യധികം വേദനയോടെയാണ് കണ്ടത്. മനഃസാക്ഷിയുള്ള ഒരാള്‍ക്കും അംഗീകരിക്കാനാവാത്ത ഈ നടപടി കേരളാ പോലീസിന് അപമാനകരമാണ്. ഒരു കാരണവുമില്ലാതെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെ പിടിച്ചുകൊണ്ടുപോയി, വഴിയിലും വാനിലും പോലീസ് സ്റ്റേഷനിലും വെച്ച് ഇത്രയും ഭീകരമായി മര്‍ദ്ദിക്കുകയും കേള്‍വിശക്തി പോലും നഷ്ടപ്പെടുത്തുകയും ചെയ്തത് മനുഷ്യത്വരഹിതമാണ്. സുജിത്തിനെ ഞാന്‍ വിളിച്ചിരുന്നു. ഈ പതിനേഴാം തീയതി ആ യുവാവിന്റെ വിവാഹമാണ്. ഞാന്‍ പങ്കെടുക്കാന്‍ ശ്രമിക്കും.

കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളായി മാറുന്നു എന്നത് ദുഃഖകരമാണ്. ഇത് ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കാനുള്ള ഉന്നതതല ശ്രമങ്ങള്‍ ക്രൂരമാണ്. ഈ ഉദ്യോഗസ്ഥരെ ഉടന്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ മറുപടി പറയണം. മാതൃകാപരമായ നടപടി സ്വീകരിച്ചാല്‍ മാത്രമേ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ.' - രമേശ് ചെന്നിത്തല വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്:

ശബരിമല വിഷയത്തില്‍ ആചാരലംഘനം നടത്തിയതിന് മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണം. അത് ചെയ്യാതെ ശബരിമലയില്‍ സര്‍ക്കാര്‍ നടത്തുന്ന 'ആഗോള അയ്യപ്പ സംഗമം' തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. 'ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സര്‍ക്കാര്‍ യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത്. ഇതിലൂടെ കേരളത്തിലെ മുഖ്യമന്ത്രി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ശബരിമലയെ കലാപ കലുഷിതമാക്കുകയും ചെയ്തു. ശബരിമലയില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് കയറ്റണമെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിയാണ്. ഈ തെറ്റിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. തിരുത്തിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ?' അദ്ദേഹം ചോദിച്ചു.

ശബരിമലയില്‍ വരുന്ന ഭക്തരെ 'പ്രിവിലേജ്ഡ് ക്ലാസ്സ്' എന്ന് തരം തിരിക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. 'ജാതിമതഭേദമന്യേ എല്ലാവരും അയ്യപ്പന്റെ സന്നിധിയില്‍ ഒരുപോലെയാണ്. അവിടെ ജാതിയോ മതമോ പ്രിവിലേജോ ഇല്ല. അതാണ് ശബരിമലയുടെ പ്രത്യേകത. ആയിരക്കണക്കിന് ഭക്തര്‍ക്കെതിരെ നാമജപ ഘോഷയാത്ര നടത്തിയതിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.' - ചെന്നിത്തല ആവശ്യപ്പെട്ടു.

യു.ഡി.എഫ് സര്‍ക്കാരാണ് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിലവിലെ സര്‍ക്കാരിന്റെ നിലപാടുകള്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. ഭക്തജനങ്ങളെ കബളിപ്പിക്കാനും വഞ്ചിക്കാനുമുള്ള ഈ ശ്രമം കേരളത്തിലെ ജനങ്ങള്‍ പൂര്‍ണമായി തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്തതിന് എനിക്കും ഉമ്മന്‍ചാണ്ടിയും അടക്കം ഉള്ളവര്‍ക്കെതിരെ കേസ് ഉണ്ടായിരുന്നു. അവസാനം റാന്നി കോടതി ആണ് അത് തള്ളിയത്.

ഭക്തജനങളുടെ വികാരം വ്രണപ്പെടുത്തിയ സര്‍ക്കാരാണിത്. അതില്‍ ജനങ്ങളോട് മാപ്പു പറയാതെ എന്തു കാണിക്കുന്നതും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് - ചെന്നിത്തല പറഞ്ഞു.

Tags:    

Similar News