ഹാജർ ബുക്കിൽ ഒപ്പിട്ട ശേഷം ജോലി ചെയ്യാതെ മുങ്ങും; പ്രതികരിച്ച സഹപ്രവർത്തകനെ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദിച്ചു; അക്രമം വാട്സാപ് ഗൂഡാലോചനയ്ക്ക് ശേഷം; ചാറ്റുകൾ പുറത്ത്

Update: 2025-03-05 09:21 GMT

തളിപ്പറമ്പ: കരിമ്പം കൃഷിഫാമുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങൾ ചൂടുപിടിക്കുന്നു. ഹാജർ ബുക്കിൽ ഒപ്പിട്ട ശേഷം ജോലി ചെയ്യാതെ മുങ്ങുന്ന ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പ്രതികരിച്ചതോടെ തന്നെ സി.പി.എം വേട്ടയാടുകയാണെന്ന് കരിമ്പം ഫാം ജീവനക്കാരൻ. ഇതിന്റെ തുടർച്ചയാണ് ഫാം ജീവനക്കാരനെയും ബന്ധുവിനെയും ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ അക്രമിച്ചതെന്നാണ് സൂചന. കരിമ്പം ഫാം ജീവനക്കാരനായ രൂപേഷ് (42) ബന്ധു അനുപ്രിയ എന്നിവർക്കെതിരെയാണ് അക്രമമുണ്ടായത്.

സംഭവവുമായി ബന്ധ‌പ്പെട്ട സിപിഎം കരിമ്പം ബ്രാഞ്ച് സെക്രട്ടറി കെ ഷനൂപ്, ദിനൂപ്, ഷംജിത്ത്, സനൽ എന്നിവർക്കെതിരെ തളിപ്പറമ്പ പോലീസിൽ ഇരുവരും പരാതി നൽകി. സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യ വിചാരണയ്ക്ക് ശേഷമാണ് ജീവനക്കാരനെയും ബന്ധുവിനെയും സംഘം തല്ലിച്ചതച്ചത്. കരിമ്പം മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ ഉത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ വെച്ച് രാത്രി 11.30 ഓടെയാണ് സംഭവം.

സി.പി.എം കരിമ്പം വാട്സാപ് ഗ്രൂപ്പിലാണ് ജീവനക്കാരനെ മർദിക്കുന്നതിനായുള്ള ഗൂഡാലോചന നടക്കുന്നത്. ഈ ഗ്രൂപ്പിൽ സി.പി.എം നേതാക്കൾ നടത്തിയ ഗൂഡാലോചനയുടെ സന്ദേശം പുറത്ത് വന്നിരുന്നു. രൂപേഷ് തങ്ങൾക്കെതിരെ കളിക്കുന്നുവെന്നും നിലക്ക് നിർത്തണമെന്നും നേതാവ് ആഹ്വാനം ചെയ്യുന്നുണ്ട്. ഇതിനെ മറ്റ് പ്രാദേശിക നേതാക്കൾ അനൂകുലിക്കുകയും ചെയ്യുന്നുണ്ട്. തുടർന്നാണ് രൂപേഷിനും ബന്ധുവിനുമെതിരെ ആക്രമണമുണ്ടായത്. പിന്നാലെ രൂപേഷ് തളിപ്പറമ്പ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പോലീസ് കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    

Similar News