മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടന് എതിരെ കേന്ദ്ര ആഭ്യന്തര വകുപ്പിനും എന്‍ഐഎയ്ക്കും പരാതി നല്‍കി പാലക്കാട് നഗരസഭ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍; ബിജെപി നേതാവിന്റെ പരാതി അഞ്ചുവര്‍ഷം മുമ്പിറങ്ങിയ വേടന്റെ ആദ്യ പാട്ടിനെതിരെ
റാപ്പര്‍ വേടന് എതിരെ കേന്ദ്ര ആഭ്യന്തര വകുപ്പിനും എന്‍ഐഎയ്ക്കും പരാതി
പാലക്കാട്: റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്കും കേന്ദ്ര ആഭ്യന്തര വകുപ്പിനും പരാതി നല്‍കി പാലക്കാട് നഗരസഭ കൗണ്‍സിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്നാണ് പരാതി. പാട്ടിനിടെ 'മോദി കപടദേശീയ വാദിയെ'ന്ന് പറഞ്ഞതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് മിനി കൃഷ്ണകുമാറിന്റെ ആവശ്യം.
5 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ 'വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്' എന്ന വേടന്റെ ആദ്യ പാട്ടിനെതിരെയാണ് എന്‍ഐഎയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. രാജ്യം ഭരിക്കുന്നയാള്‍ കപട ദേശീയവാദിയാണെന്ന് പാട്ടില്‍ വരികളുണ്ടായിരുന്നു. രാജ്യത്തിന്റെ ഐക്യത്തിന് എതിരാണെന്നും ജാതി വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നുമാണ് മിനി എന്‍ഐഎയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. സ്റ്റേജ് പരിപാടിക്കിടെ വേടന്‍ വരികള്‍ക്കിടയില്‍ 'മോദി' എന്ന് പറഞ്ഞിരുന്നു. ഇത് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലാണെന്ന് നഗരസഭ കൗണ്‍സിലര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിനും എന്‍ഐഎയ്ക്കുമാണ് മിനി കൃഷ്ണകുമാര്‍ പരാതി നല്‍കിയിരിക്കുന്നത്.
വേടന്റെ അമ്മ ശ്രീലങ്കക്കാരിയാണെന്ന കാര്യവും പരാതിയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. വേടന്റെ വരികളില്‍ ഹിന്ദു വിഭാഗത്തിലെ ജാതികളെ കുറിച്ച് വിദ്വേഷപരമായി പരാമര്‍ശിക്കുന്നു. പൊതുവ്യക്തികളെ അപകീര്‍ത്തിപ്പെടുത്തല്‍, ജാതി-മതം-ഭാഷ-പ്രദേശം എന്നിവ വെച്ച് വിദ്വേഷം പ്രചരിപ്പിക്കല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വേടനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് മിനി പരാതിയിലൂടെ ആവശ്യപ്പെടുന്നത്.
വേടന്റെ പശ്ചാത്തലം എന്താണെന്ന് അന്വേഷിക്കണമെന്നും ജാതിയുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ വേടന്‍ ഭിന്നിപ്പിക്കുകയാണെന്നും മിനി പരാതിയില്‍ പറയുന്നു. കലാകാരന്‍ ഇന്‍ഫ്‌ലുവന്‍സറാണ്. സമൂഹത്തെ സ്വാധീനിക്കാന്‍ കലാകാരനു കഴിയും. ലക്ഷക്കണക്കിനു പേര്‍ പാട്ട് ആസ്വദിക്കാനെത്തുമ്പോള്‍ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക, ജാതിയെ വിഭജിച്ച് പരസ്പരം കലഹിക്കുന്ന തരത്തില്‍ സന്ദേശം നല്‍കുക എന്നിവയൊന്നും ശരിയായ രീതിയല്ലെന്നും മിനി കൃഷ്ണകുമാറിന്റെ പരാതിയില്‍ പറയുന്നു.