ബസില്‍ തളര്‍ന്നു വീണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി; ആശുപത്രിയിലെത്തിച്ച് വീട്ടുകാരെത്തും വരെ കൂട്ടിരിന്ന് സ്വകാര്യ ബസിലെ കണ്ടക്ടര്‍
ബസില്‍ തളര്‍ന്നു വീണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി; ആശുപത്രിയിലെത്തിച്ച് വീട്ടുകാരെത്തും വരെ കൂട്ടിരിന്ന് കണ്ടക്ടര്‍
കാഞ്ഞാണി: ബസില്‍ തളര്‍ന്നുവീണ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍. യാത്രയ്ക്കിടെ സുഖമില്ലാതായ മണലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് ബസ് ജീവനക്കാര്‍ തുണയായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് വീട്ടുകാരെത്തുന്നതുവരെ കാവലിരുന്നത് ബസിലെ കണ്ടക്ടര്‍ ആയിരുന്നു. തൃശ്ശൂര്‍-വാടാനപ്പള്ളി റൂട്ടിലോടുന്ന ശ്രീറാം ബസിലെ കണ്ടക്ടര്‍ ചേറ്റുവ അഞ്ചാംകല്ല് സ്വദേശി സുമേഷ് ആണ് രക്ഷതകനായത്.
നടുവില്‍ക്കരയില്‍നിന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ അച്ഛനോടൊപ്പമാണ് വിദ്യാര്‍ഥി തൃശ്ശൂരിലേക്ക് പോയിരുന്ന ബസില്‍ കയറുന്നത്. തൃക്കുന്നത്ത് മൂന്നുംകൂടിയ സെന്റര്‍ ബസ്സ്‌റ്റോപ്പിലായിരുന്നു ഇറങ്ങേണ്ടത്. അച്ഛന്‍ ബസില്‍ നിന്നും ഇറങ്ങിയ ശേഷം മുന്‍സീറ്റില്‍ ഇരുന്ന മകളെ വിളിച്ചെങ്കിലും കേട്ടില്ല. ബസില്‍ നല്ല തിരക്കായതിനാല്‍ മകള്‍ക്ക് ഇറങ്ങാനായില്ലെന്നാണ് അച്ഛന്‍ കരുതിയത്. തുടര്‍ന്ന് തൊട്ടടുത്ത സ്റ്റോപ്പായ കാഞ്ഞാണി ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങിനിന്നാല്‍ മതിയെന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞു.
എന്നാല്‍, ഈ സമയം വിദ്യാര്‍ഥി ബസില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. സമീപത്തിരുന്നവര്‍ ഉറങ്ങുകയാണെന്നാണ് കരുതിയത്. ബസ് തൃശ്ശൂരില്‍ എത്തിയപ്പോള്‍ അടുത്തിരുന്ന സ്ത്രീ എഴുന്നേറ്റപ്പോഴാണ് ബോധം നഷ്ടപ്പെട്ടതാണെന്നറിയുന്നത്.ഉടന്‍ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിച്ചു. കുട്ടിയുടെ സ്‌കൂള്‍ ഐ.ഡി. കാര്‍ഡില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ച് സ്‌കൂള്‍ അധികൃതരുമായി സംസാരിച്ച് രക്ഷിതാക്കളെ വിവരം ധരിപ്പിച്ചു. വീട്ടുകാര്‍ എത്തി കുട്ടിയുടെ ചുമതല അവരെ ഏല്‍പ്പിച്ചശേഷമാണ് ബസ് സര്‍വീസ് പുനരാരംഭിച്ചത്.