ഗുണ നിലവാരമില്ലാത്ത പെയിന്റ് നല്‍കി കബളിപ്പിച്ചു; പണി കിട്ടിയത് ബര്‍ജര്‍ പെയിന്റ് വാങ്ങിയ ഉപഭോക്താവിന്; കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

ഗുണ നിലവാരമില്ലാത്ത പെയിന്റ് നല്‍കി കബളിപ്പിച്ചു

Update: 2024-10-29 16:49 GMT

കൊച്ചി: ഗുണനിലവാരമില്ലാത്ത പെയിന്റ് നല്‍കുകയും അത് ഉപയോഗിച്ചതു മൂലം മതിലിലെ പെയിന്റ് പൊളിഞ്ഞു പോവുകയും ചെയ്തു എന്ന പരാതിയില്‍ പെയിന്റ്‌ന് ചെലവായ 78,860 രൂപയും, അത് മാറ്റി പുതിയ പെയിന്റ് അടിക്കുന്നതിന്റെ ചെലവായ 2,06979 രൂപയും ,നഷ്ടപരിഹാരമായി 50,000 രൂപ 20,000 രൂപ കോടതി ചെലവ് എന്നിവ ഉപഭോക്താവിന് നല്‍കണമെന്ന് കമ്പനിക്കും ഡീലര്‍ക്കും എറണാകുളം ജില്ല തര്‍ക്ക പരിഹാര കോടതി ഉത്തരവ് നല്‍കി.

എറണാകുളം കോതമംഗലം സ്വദേശി ടി എം മൈതീന്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. കോതമംഗലത്തെ വിബ്‌ജോര്‍ പെയിന്റ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നും ഒരു വര്‍ഷത്തെ വാറണ്ടിയോടെയാണ് ബര്‍ജര്‍ പെയിന്റ് പരാതിക്കാരന്‍ വാങ്ങിയത്. ഒരു വര്‍ഷം ആണ് വാറണ്ടി പിരീഡ് നല്‍കിയത്. അതിനുള്ളില്‍ തന്നെ പ്രതലത്തില്‍ നിന്നും പെയിന്റ് പൊളിഞ്ഞു പോകാന്‍ തുടങ്ങി.

പരാതിക്കാരന്‍ ഡീലറെ സമീപിച്ചു പരാതി പറഞ്ഞതിനെ തുടര്‍ന്ന് നിര്‍മ്മാണ കമ്പനിയുടെ പ്രതിനിധി വന്ന പരിശോധിക്കുകയും എന്നാല്‍ യാതൊരുവിധ തുടര്‍ നടപടികളും പിന്നീട് ഉണ്ടായില്ലെന്നും പരാതിക്കാരന്‍ പറയുന്നു. പെയിന്റ് വിലയും റിപ്പയറിങ് ചാര്‍ജും നഷ്ടപരിഹാരവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ഭിത്തിയില്‍ ഈര്‍പ്പമുള്ളത് മൂലമാണ് ഇത് സംഭവിച്ചതെന്നും ഉപ്പുരസം ഉണ്ടെങ്കില്‍ ഇത്തരം പ്രതിഭാസം ഉണ്ടാകും എന്നും ഉല്‍പ്പന്നത്തിന്റെ ന്യൂനതയല്ല അതിനാല്‍ വാറണ്ടിയുടെ പരിധിയില്‍ വരുന്നതല്ല എന്നുമാണ് എതിര്‍കക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചത്. പെയിന്റ് വിറ്റത് തങ്ങള്‍ ആണെങ്കിലും അതിന്റെ നിലവാരത്തില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലന്നും നിര്‍മ്മാതാക്കളാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും ഡീലര്‍ ബോധിപ്പിച്ചു.

'ഗുണനിലവാരമില്ലാത്ത എമല്‍ഷന്‍ ഉപയോഗിച്ചതുമൂലമാണ് പെയിന്റ് പൊളിഞ്ഞു പോയതെന്ന് കോടതി നിയോഗിച്ച വിദഗ്ധ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. 'പെയിന്റ് ചെയ്ത് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അത് പൊളിഞ്ഞു പോവുകയും പരാതിപ്പെട്ടപ്പോള്‍ ഫലപ്രദമായി അത് പരിഹരിക്കാന്‍ എതിര്‍കക്ഷികള്‍ തയ്യാറായിരുന്നില്ല. നിര്‍മ്മാതാക്കളുടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുമ്പോള്‍ ഇത്തരം അധാര്‍മികമായ വ്യാപാര രീതി അനുവദിക്കാനാവില്ല എന്ന് ഡിബി ബിനു അധ്യക്ഷനും,വി രാമചന്ദ്രന്‍, ടി എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.

പെയിന്റ് വാങ്ങിയ ഇനത്തില്‍ ചെലവായ 78,860 രൂപ, റീപെയിന്റ് ചെയ്യുന്നതിനു വേണ്ടി ചെലവാകുന്ന 2,06,979 രൂപ അരലക്ഷം രൂപ നഷ്ടപരിഹാരം ഇരുപതിനായിരം രൂപ കോടതി ചെലവ് എന്നിവ 30 ദിവസത്തിനകം ഉപഭോക്താവിന് നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.

Tags:    

Similar News