മൂവാറ്റുപുഴയില്‍ ബൈക്കില്‍ എത്തി മാലകള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍

ബൈക്കില്‍ എത്തി മാലകള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍

Update: 2025-01-27 12:41 GMT

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ബൈക്കില്‍ എത്തി മാലകള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. മൂവാറ്റുപുഴ വെള്ളൂര്‍കുന്നം കാവുംകര കരയില്‍ മാര്‍ക്കറ്റ് ഭാഗത്ത് പുത്തെന്‍പുരയില്‍ വീട്ടില്‍ അര്‍ഷാദ് അലി (33)യെയാണ്് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ജനുവരി 13 ന് പകല്‍ 12 മണിയോടെ ബൈക്കിലെത്തി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തെ എസ് ബി ഐ എ ടി എമ്മിന് മുന്നില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ മാല കവരുകയും തുടര്‍ന്ന് വൈകുന്നേരം മൂന്നരയോടെ വെള്ളൂര്‍കുന്നം തൃക്ക ഭാഗത്ത് നിന്ന് നടന്നു പോകുകയായിരുന്ന അംഗണവാടി അധ്യാപികയുടെ മാല അതേ ബൈക്കില്‍ വേഷം മാറി എത്തിപൊട്ടിച്ചു കൊണ്ടുപോകുകയും ചെയ്ത കേസിലെ പ്രതിയാണ്.

ആലുവ പമ്പ് ജംഗ്ഷന്‍ സമീപത്ത് നിന്ന് മോഷണം നടത്തിയ ബൈക്കില്‍ എത്തിയാണ് മുവാറ്റുപുഴയില്‍ മാലകള്‍ പിടിച്ചുപറിച്ചത്. പ്രതിയെ പറ്റി യാതൊരു തുമ്പും കിട്ടാത്ത കേസില്‍ എറണാകുളം റൂറല്‍ ജില്ല പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിര്‍ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.

മുവാറ്റുപുഴ പരിസരത്തെ മുപ്പത്തോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചും സമാന കുറ്റകൃത്യത്തില്‍ പെട്ടവരെ നിരീക്ഷിച്ചും ആണ് പ്രതി മോഷണത്തിന് ഉപയോഗിച്ച ബൈക്ക് കണ്ടെത്തി പ്രതിയിലേക്ക് എത്തിയത്. തമിഴ്‌നാട് ഏര്‍വാടിയില്‍ ഒളിച്ചു കഴിയുകയായിരുന്ന ഇയാളെ സാഹസികമായാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മോഷ്ടിച്ച മാല മുവാറ്റുപുഴ മാര്‍ക്കറ്റ് പരിസരത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്തു. പറവൂര്‍ പോലീസ് സ്റ്റേഷനിലെ മോഷണകേസില്‍ ജാമ്യം ലഭിച്ച് ഇരുപത് ദിവസത്തിനിടയില്‍ ആണ് വീണ്ടും പിടിച്ചുപറി നടത്തിയത്. ആഡംബര ജീവിതത്തിനായാണ് പ്രതി മോഷണം നടത്തിയത്. മുവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് പി എം ബൈജുവിന്റെ മേല്‍നോട്ടത്തില്‍ ഉള്ള പ്രത്യേക അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ്, എസ്‌ഐമാരായ കെ കെ രാജേഷ്, പി.സി ജയകുമാര്‍, സീനിയര്‍ സി പി ഓ മാരായ പി.എ ഷിബു, സി.കെ മീരാന്‍ , ബിബില്‍ മോഹന്‍, കെ.എ അനസ്, സൂരജ്കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News