മയക്കു മരുന്നു ബന്ധമുണ്ടെന്ന് പോലീസിനെ അറിയിച്ചു; സിപിഎം നേതാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍; പ്രതികളിലൊരാളെ മര്‍ദിച്ചതിന് കൗണ്ടര്‍ കേസും
സിപിഎം നേതാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍
തിരുവല്ല: മയക്കു മരുന്നു കച്ചവടവുമായി ബന്ധമുണ്ടെന്ന് പോലീസില്‍ അറിയിച്ചതിന്റെ വിരോധത്താല്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ രണ്ടുപ്രതികളെ പോലീസ് പിടികൂടി. ചുമത്ര കൂടത്തിങ്കല്‍ വീട്ടില്‍മനുവെന്ന് വിളിക്കുന്ന ടിബിന്‍ വര്‍ഗീസ് (32 ), താഴ്ചയില്‍ കൊച്ചുപറമ്പില്‍ വീട്ടില്‍ ഷമീര്‍ ഷാജി (32) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കേസിലെ രണ്ടും മൂന്നും പ്രതികളാണ്. സി.പി.എം കോട്ടാലി ബ്രാഞ്ച് കമ്മറ്റിയംഗവും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ ചുമത്ര നടുത്തറയില്‍ വീട്ടില്‍ സി.സി.സജിമോനാണ് അക്രമികളുടെ മര്‍ദ്ദനമേറ്റത്. നാലു പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. ഒന്നാം പ്രതി ചന്തു എന്ന അഭിമന്യുവും നാലാം പ്രതി നിതിനും ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
കഴിഞ്ഞ 17 ന് വൈകിട്ട് 5.30 ന് ചുമത്ര എസ്.എന്‍.ഡി.പി മന്ദിരത്തിനടുത്ത് ബൈക്കില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ കാറിലെത്തിയ പ്രതികള്‍ സജിമോനെ മര്‍ദിക്കുകയായിരുന്നു. സജിമോന്റെ നെഞ്ചില്‍ ചവുട്ടി താഴെയിട്ട ശേഷം കമ്പി വടികൊണ്ട് തലയ്ക്കും പുറത്തും വയറ്റിലും അടിച്ചു. മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുണ്ടാവുകയും മുഖത്തും ചുണ്ടിലും മുറിവുണ്ടാവുകയും ചെയ്തു. സജിമോന്‍ എണീല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇനിയും തങ്ങളുടെ കാര്യത്തില്‍ ഇടപെട്ടാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്തു.
ഓടിക്കൂടിയവര്‍ സജിമോനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയ പോലീസ് ടിബിനെയും ഷമീറിനെയും ഇവര്‍ സഞ്ചരിച്ച കാറും താലൂക്ക് ആശുപത്രി പരിസരത്തു നിന്നും ഉടനടി കസ്റ്റഡിയില്‍ എടുത്തു. കാറിനുള്ളില്‍ നിന്നും ആക്രമണത്തിന് ഉപയോഗിച്ച് കമ്പിവടി പോലീസ് കണ്ടെടുത്തു. പോലീസ് ഇന്‍സ്പെക്ടര്‍ എസ്. സന്തോഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ സജിമോനെയും ചൂരക്കുഴിയില്‍ പ്രവീണ്‍ എന്നയാളെയും പ്രതികളാക്കി ടിബിന്‍ വര്‍ഗീസിന്റെ ഭാര്യ സൂര്യകല നല്‍കിയ പരാതിപ്രകാരം കേസെടുത്തിട്ടുണ്ട്.
റ്റിബിന്‍ വര്‍ഗീസിന്റെ അയല്‍വാസിയായ പ്രവീണും ഭാര്യയും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ വനിതാ കമ്മിഷനിലും മറ്റും ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വിരോധത്താല്‍ പ്രവീണ്‍ സജിമോനുമായി ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് കാണിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതുപ്രകാരം 18 ന് വൈകിട്ട് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചുമത്ര എസ്.എന്‍.ഡി.പി മന്ദിരത്തിനു സമീപം വച്ച് റ്റിബിനെ തടഞ്ഞു നിര്‍ത്തി വാളു കൊണ്ട് സജിമോന്‍ തലയില്‍ വെട്ടി മുറിവേല്‍പ്പിച്ചുവെന്നും പ്രവീണ്‍ നെഞ്ചില്‍ ചവുട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. എസ് ഐ ജി ഉണ്ണികൃഷ്ണനാണ് കേസെടുത്തത്. പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.