സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് പീഡനം; ഭയന്ന് കുടുംബവീട്ടില്‍ താമസമാക്കിയപ്പോള്‍ അവിടെയും അക്രമം; 12 വയസുളള മകന്റെ ശരീരത്തില്‍ ഡീസല്‍ ഒഴിച്ചു; പ്രതിയായ യുവാവ് അറസ്റ്റില്‍

12 വയസുള്ള മകന്റെ ദേഹത്തേക്ക് ഡീസല്‍ പോലെയുള്ള ദ്രാവകമൊഴിച്ചതിന് പ്രതി അറസ്റ്റില്‍

Update: 2025-04-22 16:53 GMT

തിരുവല്ല: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടു നിരന്തരം ഭാര്യയെ പീഡിപ്പിച്ചയാള്‍ 12 വയസുള്ള മകന്റെ ദേഹത്തേക്ക് ഡീസല്‍ പോലെയുള്ള ദ്രാവകമൊഴിച്ചതിന് അറസ്റ്റില്‍. കുമ്പനാട് കിഴക്കേ വെള്ളക്കര കണ്ണാട്ട് തറയില്‍ വീട്ടില്‍ വിനോദ് (44)ആണ് അറസ്റ്റിലായത്. കൊച്ചാലുംമൂട് അഴയാനിക്കല്‍ ആര്യാ രാജനാണ് പരാതിക്കാരി.

2010 മുതല്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞു വരികയാണ്. കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് പിണങ്ങി മാറി മകനെയും കൂട്ടി ഇരവിപേരൂര്‍ നെല്ലിമല അഴയനിക്കല്‍ വീട്ടില്‍ താമസിച്ചു വരവേ ഫെബ്രുവരി 17 ന് രാത്രി 9.30 ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം മകന്റെ ദേഹത്തും സിറ്റൗട്ടിലും ദ്രാവകം ഒഴിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ. സുരേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാക്കനാട് കല്ലറപ്പടിയില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു.

നിരന്തര പീഡനം കാരണം ഭാര്യ മകനെയും കൂട്ടി കുടുംബവീട്ടില്‍ പോയതിലുള്ള വിരോധത്താലാണ് ഇയാള്‍ ആക്രമണം നടത്തിയത്. അകന്ന ുകഴിഞ്ഞ കാലയളവില്‍ യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് കൊല്ലമെന്ന് ഭീഷണിപ്പെടുത്തുകയും, അത്തരത്തിലുള്ള സന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. മറ്റ് നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. അന്വേഷണ സംഘത്തില്‍ എസ്.സി.പി.ഓ സുശീല്‍, സി.പി.ഓമാരായ അവിനാഷ് വിനായകന്‍, ടോജോ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News