വിവാദ വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഹാരിസിനെക്കുറിച്ച് പറയുന്നതിനിടെ പ്രിന്‍സിപ്പലിന്റെ ഫോണിലേക്ക് വന്ന കോള്‍ ഡി.എം.ഇയുടേത്; വിവാദമായപ്പോള്‍ ഫോണ്‍വിളിയില്‍ ദുരദ്ദേശ്യമില്ലെന്ന് ഡോ. വിശ്വനാഥന്റെ വിശദീകരണം

വിവാദ വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഹാരിസിനെക്കുറിച്ച് പറയുന്നതിനിടെ പ്രിന്‍സിപ്പലിന്റെ ഫോണിലേക്ക് വന്ന കോള്‍ ഡി.എം.ഇയുടേത്

Update: 2025-08-09 05:48 GMT

തിരുവനന്തപുരം: ഡോക്ടര്‍ ഹാരിസ് ചിറക്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് വാര്‍ത്താസമ്മേളനത്തിനിടെ വന്ന കോള്‍ ഡി.എം.ഇയുടേതെന്ന് തെളിഞ്ഞു. കോള്‍ വന്നപ്പോള്‍ പ്രിന്‍സിപ്പലിന്റെ ഫോണില്‍ തെളിഞ്ഞ ചിത്രം ഡി.എം.ഇ ഡോക്ടര്‍ വിശ്വനാഥന്റേതാണ്. ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതോടെ എന്താണ് ഫോണ്‍വിളിച്ചതെന്ന ചോദ്യം അടക്കം ഉയര്‍ന്നു. വാര്‍ത്താസമ്മേളനം സ്‌ക്രിപ്റ്റഡ് ആണെന്നതും ആക്ഷേപമായി നിലനില്‍ക്കുന്നു.

എന്നാല്‍, സംഭവം വിവാദമായതോടെ താന്‍ തന്നെയാണ് ഫോണ്‍ വിളിച്ചതെന്ന് ഡോ. വിശ്വനാഥന്‍ സമ്മതിച്ചു. ആ ഫോണ്‍വിളിയില്‍ ദുരുദ്ദേശ്യമില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. അതേസമയം, ആരോപണങ്ങള്‍ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ ഡോ. ഹാരിസിന് എതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. ഉപകരണം കാണാതായതില്‍ കൂടുതല്‍ അന്വേഷണമുണ്ടാകില്ലെന്നും അസ്വാഭാവികമായ പെട്ടി കണ്ടതിലും സി.സി.ടി.വി ദൃശ്യത്തിലും അന്വേഷണമുണ്ടാകില്ലെന്നാണ് സൂചന. ആര്‍ക്കെതിരെയും നടപടിക്ക് ശിപാര്‍ശയില്ലാതെ ഡി.എം.ഇ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകില്ല എന്ന് കെ.ജി.എം.സി.ടി.എക്ക് ആരോഗ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചു. ആരോഗ്യമന്ത്രിയുമായി കെ.ജി.എം.സി.ടി.എ ചര്‍ച്ച നടത്തും. അതേസമയം, ഒരാഴ്ചത്തെ അവധിക്ക് ശേഷം ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിച്ചു. രണ്ടു ദിവസം കൂടി അവധി ഉള്ളപ്പോഴാണ് ഡോ. ഹാരിസ് ഇന്ന് ജോലിയില്‍ തിരികെ പ്രവേശിച്ചത്. ഏറ്റുമുട്ടലിനില്ലെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും ഡോ. ഹാരിസ് വാര്‍ത്താസമ്മേളനത്തിനിടെ സൂചന നല്‍കി.

Tags:    

Similar News