അസോസിയേഷന്‍ ഓഫ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ്‌സ് ഓഫ് കേരള: ഡോ ബൈജു സേനാധിപന്‍ പ്രസിഡന്റ്

Update: 2026-02-10 06:25 GMT

കൊച്ചി: അസോസിയേഷന്‍ ഓഫ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ്‌സ് ഓഫ് കേരളയുടെ പതിനേഴാമത് വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പ്രൊഫ. ബൈജു സേനാധിപനെ സംഘടനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. സംസ്ഥാനത്തെ ഗ്യാസ്‌ട്രോഎന്‍ട്രോളജി ശസ്ത്രക്രിയാ വിദഗ്ധരുടെ ഔദ്യോഗിക സംഘടനയായ അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന യോഗത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. ശസ്ത്രക്രിയാ രംഗത്തെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും വൈദഗ്ധ്യവും സംഘടനയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും.

ഉദരസംബന്ധമായ അര്‍ബുദങ്ങള്‍ക്കുള്ള കീഹോള്‍ ശസ്ത്രക്രിയാ രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ വ്യക്തിത്വമാണ് പ്രൊഫ. ബൈജു സേനാധിപന്‍. അന്നനാളം, ആമാശയം, കരള്‍, പാന്‍ക്രിയാസ്, കുടല്‍ എന്നിവയെ ബാധിക്കുന്ന ക്യാന്‍സര്‍ ചികിത്സയില്‍ കാല്‍ നൂറ്റാണ്ടിലധികം അനുഭവസമ്പത്തുള്ള അദ്ദേഹം, സങ്കീര്‍ണ്ണമായ പതിനായിരത്തിലധികം കീഹോള്‍ ക്യാന്‍സര്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അന്നനാളത്തിലെ തടസ്സം നീക്കുന്നതിനുള്ള ലാപ്രോസ്‌കോപ്പിക് കോളോപ്ലാസ്റ്റി ശസ്ത്രക്രിയ ഇന്ത്യയില്‍ ആദ്യമായി ചെയ്തത് ഇദ്ദേഹമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയില്‍ പരിശീലനം നല്‍കുന്ന അധ്യാപകന്‍ കൂടിയായ അദ്ദേഹം, നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ശസ്ത്രക്രിയാ രംഗത്തെ മികവിനൊപ്പം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമാണ്. 'സ്‌നേഹാര്‍ദ്രം' എന്ന പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ അദ്ദേഹം ഉറപ്പാക്കുന്നു. അദ്ദേഹത്തിന്റെ നേതൃപാടവവും അനുഭവസമ്പത്തും സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് വാര്‍ഷിക സമ്മേളനം വിലയിരുത്തി.

Similar News