തിരുവനന്തപുരം കാര്യവട്ടത്ത് കുടിവെള്ള ക്ഷാമം രൂക്ഷം; കുടിവെള്ളം വാങ്ങുന്നത് പണം നൽകി; സ്ഥിതി വഷളായത് സാങ്കേതിക തകരാർ മൂലമെന്ന് ജല അതോറിറ്റി
തിരുവനന്തപുരം: കാര്യവട്ടം പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. മാസങ്ങളായി കാര്യവട്ടം പ്രദേശങ്ങളിൽ കുടിവെള്ളം ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കടകളിൽ നിന്നും പണം നൽകി കുടിവെള്ളം വാങ്ങിക്കേണ്ട അവസ്ഥയാണ് പ്രദേശവാസികൾക്കുള്ളത്. കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ മിക്കയിടത്തും ഒന്നോ രണ്ടോ ദിവസമാണ് വെള്ളം കിട്ടിയത്. അതും മിനിറ്റുകൾക്കകം നിറുത്തുകയും ചെയ്തു. സാങ്കേതിക തകരാർ മൂലമാണ് കുടിവെള്ളം പമ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് നേരിടുന്നതെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. ദിവസങ്ങൾക്ക് മുൻപ് ജല അതോറിറ്റി ഓഫീസിന് മുന്നിൽ വലിയ പ്രതിഷേധം നടന്നിരുന്നു. 250 ഓളം കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കാത്തതിനാൽ വലിയ പ്രതിസന്ധിയിൽ നേരിടുന്നത്.
സംഭവത്തിൽ അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. മൂന്നോ നാലോ ദിവസം തുടർച്ചയായി വെള്ളം ലഭിച്ചില്ലെങ്കിൽ പോലും തിരിഞ്ഞ് നോക്കാൻ അധികാരികൾ തയ്യാറല്ലെന്നും പ്രദേശവാസികൾ പറയുന്നു. പ്രതിഷേധത്തെ തുടർന്ന് ഈ വ്യാഴാഴ്‌ച കുടിവെള്ളം ലഭിക്കുമെന്ന് അധികാരികൾ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വ്യാഴാഴ്ച ഉച്ച കഴിഞ്ഞിട്ടും വെള്ളം ലഭിച്ചിരുന്നില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. നഗരസഭയുടെ വെള്ളം കിട്ടിയിട്ടും മാസങ്ങളായിയെന്നാണ് പരാതി. കുടിവെള്ളത്തിനായി പ്രദേശവാസികൾക്ക് പ്രതിഷേധം നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
കാര്യവട്ടം എൻ സി പി ഇ പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമമാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കാതായതോടെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ. ഒന്നോ രണ്ടോ ബക്കറ്റ് വെള്ളം മാത്രമാണ് ഒരു കുടുംബത്തിന് ഉപയോഗിക്കാനായി ലഭിക്കുന്നതെന്നാണ് സൂചന. മാസങ്ങളായി ഈ പ്രദേശങ്ങളിലും കുടിവെള്ളം ലഭിച്ചിരുന്നില്ല. 250 എം.എം പൈപ്പ് ലൈനുണ്ടായിരുന്നിടത്ത് ചിലയിടത്ത് 150 എം.എം പൈപ്പാണ് ഘടിപ്പിച്ചിരിക്കുന്നതെന്നും ഇതിനാലാണ് പലയിടത്തും വെള്ളം കിട്ടാത്തതെന്നുമാണ് സൂചന. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലേക്കുള്ള വിതരണം തടസപ്പെടുത്തി ഫ്ളാറ്റുകളിലേക്കും മറ്റും വഴിതിരിച്ചുവിടുകയാണെന്നും ആരോപണമുണ്ട്.