ഇടപാടുകാരെ കാത്ത് റോഡിൽ നിൽക്കെ പരിശോധന; മയക്ക് മരുന്ന് ഗുളികകളുമായി പ്രതി പിടിയിൽ; എക്സൈസ് വലയിലാക്കിയത് കുപ്രസിദ്ധ ഗുണ്ട 'നീഗ്രോ' സുരേഷിനെ
എറണാകുളം: കടവന്ത്രയിൽ മയക്ക് മരുന്ന് ഗുളികകളുമായി എക്സൈസിന്റെ പിടിയിലായത് കുപ്രസിദ്ധ ഗുണ്ട. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന നീഗ്രോ സുരേഷ് എന്ന സുരേഷ് ബാലൻ ആണ് എക്സൈസ് പിടിയിലായത്. ഗുണ്ടാലിസ്റ്റിൽ പെടുത്തി തടവിലായിരുന്ന ഇയാൾ അടുത്തിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. മയക്കുമരുന്ന് കൈമാറുന്നതിനായി ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്.
പിടിയിലായ സുരേഷിന്റെ പക്കൽ നിന്നും നൈട്രോസെപാം സെഡേറ്റീവ് ഗുളികകളാണ് എറണാകുളം എക്സൈസിന്‍റെ പിടിച്ചെടുത്തത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് മയക്ക് മരുന്ന് എത്തിച്ച് നൽകുന്നത് സുരേഷായിരുന്നു. ഇയാൾക്കെതിരെ മോഷണം, അടിപിടി, ഭവനഭേദനം , ഭീഷിണിപ്പെടുത്തൽ, മയക്കുമരുന്ന് കടത്തൽ എന്നീ കുറ്റകൃത്യങ്ങൾക്ക് വിവിധ സ്റ്റേഷനുകളിൽ സുരേഷിനെതിരെ നിലവിൽ കേസുകൾ ഉണ്ട്.
ഇടപാടുകാരെ കാത്ത് കടവന്ത്ര മാതാനഗർ റോഡിൽ നിൽക്കുകയായിരുന്ന ഇയാളെ എക്സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ലഹരി ഉപയോഗിച്ചിരുന്ന പ്രതി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് എക്സൈസ് സംഘം സുരേഷിനെ കീഴടക്കിയത്.