ഗുജറാത്തിലെ പോര്‍ബന്ദര്‍ തീരത്ത് വന്‍ ലഹരി മരുന്ന് വേട്ട; 2,100 കോടി രൂപ വിലമതിക്കുന്ന 700 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ പിടികൂടി
ഗുജറാത്തിലെ പോര്‍ബന്ദര്‍ തീരത്ത് വന്‍ ലഹരി മരുന്ന് വേട്ട; 2,100 കോടി രൂപ വിലമതിക്കുന്ന മെത്താംഫെറ്റാമൈന്‍ പിടികൂടി
അഹമ്മദാബാദ്: ഗുജറാത്തിലെ പോര്‍ബന്ദര്‍ തീരത്തു വന്‍ ലഹരി മരുന്ന് വേട്ട. 2100 കോടി രൂപയോളം വിലമതിക്കുന്ന 700 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ ലഹരിമരുന്നു പിടികൂടി. എട്ട് ഇറാനിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), ഇന്ത്യന്‍ നാവികസേന, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു വന്‍ ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തത്.
സംശയാസ്പദമായി സഞ്ചരിച്ച വിദേശ ബോട്ട് പിടികൂടുക ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്തു പിടികൂടിയത്. ിടിച്ചെടുത്ത ലഹരിമരുന്നിനു രാജ്യാന്തര വിപണിയില്‍ 1,400 മുതല്‍ 2,100 കോടി രൂപ മൂല്യമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മുഹമ്മദ് ബലോച്ച് (41), ഇസഡ് എന്‍ ബലോച്ച് (20), ഇസ്മായില്‍ ഇബ്രാഹിം (23), റസൂല്‍ ബാഖ്ഷ് (51), മുഹമ്മദ് റഹീസി (55), ഗുലാം മുഹമ്മദ് (62), കാസിം ബാഖ്ഷ് (63), നബി ബാഖ്ഷ് ബലോച്ച് (43) എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായവരുടെ പക്കല്‍ യാതൊരു രേഖകളും ഇല്ലായിരുന്നെന്ന് എന്‍സിബി അറിയിച്ചു. 'സാഗര്‍ മന്ഥന്‍ -4' എന്നാണു ലഹരിവിരുദ്ധ ഓപ്പറേഷന്റെ പേര്. നാവികസേന, തീരസംരക്ഷണ സേന എന്നിവരുമായി സഹകരിച്ച് എന്‍സിബി ഇതുവരെ 3,400 കിലോഗ്രാം വ്യത്യസ്ത ലഹരിമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.