കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം കേരളത്തിന് അപമാനം; തന്ത്രിമാര്‍ക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്‌ഐ

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം കേരളത്തിന് അപമാനം

Update: 2025-03-11 17:22 GMT

തിരുവനന്തപുരം: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം കേരളത്തിന് അപമാനകരമെന്ന് ഡിവൈഎഫ്‌ഐ. ക്ഷേത്ര പ്രവര്‍ത്തനം തടസപ്പെടുത്തി സമരം ചെയ്ത തന്ത്രിമാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ചാതുര്‍വര്‍ണ്യത്തിന്റെ പ്രേതം പിടികൂടിയ ജാതി കോമരങ്ങളുടെ ഭരണഘടനാ വിരുദ്ധ നിലപാടാണ് കണ്ടത്.

തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും പുനഃസ്ഥാപിക്കുന്നതിനായി ശ്രമിക്കുന്ന ശക്തികളെ ചെറുത്ത് തോല്‍പ്പിക്കുമെന്നും ഡിവൈഎഫ്‌ഐ ഫേസ്ബുക്കില്‍ കുറിച്ചു. ക്ഷേത്രത്തില്‍ ജീവനക്കാരന് നേരെ ഉണ്ടായ ജാതി വിവേചനത്തിനെതിരെ ഡിവൈഎഫ്‌ഐ കേരള സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം:

തൃശ്ശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് നിയമിച്ച യുവാവിനെതിരെ ഉണ്ടായ ജാതിവിവേചനം അപലപനീയവും കേരളത്തിന് അപമാനവുമാണ്. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം ജോലിക്ക് നിയോഗിച്ച യുവാവിനെ അവര്‍ണ്ണ സമുദായത്തില്‍ ജനിച്ചയാള്‍ എന്ന കുറ്റം ആരോപിച്ചാണ് ക്ഷേത്രം തന്ത്രിമാര്‍ ബഹിഷ്‌കരിക്കുന്ന സമീപനം സ്വീകരിച്ചത്. ഇതിന്റെ പേരില്‍ ക്ഷേത്രം പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി സമരം ചെയ്ത തന്ത്രിമാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം.

ചാതുര്‍വര്‍ണ്യത്തിന്റെ പ്രേതം പിടികൂടിയ ചില ജാതി കോമരങ്ങളുടെ ഭരണഘടനാ വിരുദ്ധ നിലപാടാണ് ഇവിടെ ഉണ്ടായത്. തന്ത്രിമാരുടെ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാന്‍ വേണ്ടി കഴിയുന്നതല്ല. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പുനസ്ഥാപിക്കുന്നതിനായി ശ്രമിക്കുന്ന എല്ലാ ശക്തികളെയും കേരളം ചെറുത്തു തോല്‍പ്പിക്കും.

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജീവനക്കാരന് നേരെ ഉണ്ടായ ജാതി വിവേചനത്തിനെതിരെ ഡിവൈഎഫ്‌ഐ കേരള സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Tags:    

Similar News