വാട്ടര്‍ മെട്രോ കൊച്ചിയുടെ വികസനക്കുതിപ്പിന്റെ അടയാളം; സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവുമായ ഒരു മാറ്റം കൊച്ചിക്ക് വലിയ പുരോഗതി നല്‍കി: ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍
വാട്ടര്‍ മെട്രോ കൊച്ചിയുടെ വികസനക്കുതിപ്പിന്റെ അടയാളം
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. കൊച്ചി നഗരം കൈവരിച്ച വന്‍ വികസനത്തിന്റെ തെളിവാണ് വാട്ടര്‍ മെട്രോയെന്ന് ഗ്യാനേഷ് കുമാര്‍ പ്രതികരിച്ചു. കേരള സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം, മുന്‍പ് താന്‍ ജില്ലാ കളക്ടറായും കൊച്ചി കോര്‍പ്പറേഷന്‍ കമ്മീഷണറായും സേവനമനുഷ്ഠിച്ച കാലത്തെ ഗൃഹാതുര ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടാണ് വാട്ടര്‍ മെട്രോയില്‍ യാത്ര നടത്തിയത്. അന്ന് നഗരത്തില്‍ ജലഗതാഗത സംവിധാനം ഉണ്ടായിരുന്നെങ്കിലും ഇത്രയും സുസംഘടിതവും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവുമായ ഒരു മാറ്റം കൊച്ചിക്ക് വലിയ പുരോഗതിയാണ് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ എത്തിയ അദ്ദേഹത്തെ കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട യാത്രയില്‍ ഫോര്‍ട്ട് കൊച്ചി ടെര്‍മിനലും അദ്ദേഹം സന്ദര്‍ശിച്ചു. ഐഐടി കാന്‍പൂര്‍ മുന്‍ വിദ്യാര്‍ഥി കൂടിയായ അദ്ദേഹം പദ്ധതിയിലെ സാങ്കേതിക മികവിനെ പ്രത്യേകം അഭിനന്ദിക്കുകയും, ഇന്ത്യയില്‍ വെള്ളമുള്ള മറ്റ് നഗരങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. രാജ്യത്തെ 18 നഗരങ്ങളില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള സാധ്യത പഠനങ്ങള്‍ കെഎംആര്‍എല്‍ നടത്തിവരികയാണെന്ന് ലോക്‌നാഥ് ബെഹ്‌റ ചടങ്ങില്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇത്തരം പൊതുഗതാഗത സംവിധാനങ്ങള്‍ മികച്ച വേദിയാകുമെന്ന് ഗ്യാനേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ സുതാര്യത ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്താന്‍ ഇത് സഹായിക്കും. ലോകോത്തര നിലവാരത്തിലുള്ള യാത്രാ അനുഭവമാണ് വാട്ടര്‍ മെട്രോ നല്‍കുന്നതെന്ന് സന്ദര്‍ശക ബുക്കില്‍ രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ കളക്ടര്‍ ജി പ്രിയങ്ക തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യാത്രയില്‍ പങ്കെടുത്തു.