പോലീസ് ജീപ്പിൽ കെഎസ്ആർടിസി ബസ് ഉരസിയെന്നാരോപിച്ച് ഡ്രൈവറെ മർദ്ദിച്ച സംഭവം; കേസെടുത്ത് പോലീസ്; അന്വേഷണച്ചുമതല ഡിവൈഎസ്പിക്ക്
കോട്ടയം: വൈക്കത്ത് കെഎസ്ആർടിസി ബസ് ഡ്രൈവറെ പോലീസ് മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ഡ്രൈവർ കെ.പി. വേലായുധന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ. തോമസ് കേസ് അന്വേഷിക്കും. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പോലീസ് ജീപ്പുമായി കെഎസ്ആർടിസി ബസ് ഉരസിയെന്നാരോപിച്ച് വൈക്കം പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജോർജ് തോമസ് ഡ്രൈവറെ മർദ്ദിച്ചതായാണ് പരാതി. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ വേലായുധൻ, മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുമ്പോൾ വൈക്കത്തിനടുത്ത് ഉല്ലലയിൽ വെച്ചാണ് സംഭവം നടന്നത്. പോലീസ് ജീപ്പിന്റെ സൈഡ് മിററിൽ ബസ് തട്ടിയെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ പരിക്കേറ്റ ഡ്രൈവർ കെ.പി. വേലായുധൻ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.