സഹനത്തിന്റെയും ത്യാഗത്തിന്റെയും വ്രതകാലത്തിന് വിരാമമിട്ട് മൈത്രിയുടെ ചെറിയ പെരുന്നാള്‍; പുതിയ വസ്ത്രങ്ങളണിഞ്ഞും ഈദ് ഗാഹുകളില്‍ പങ്കെടുത്തും മധുരം പങ്കിട്ടും സൗഹൃദങ്ങള്‍ പുതുക്കിയും കൊണ്ടാടി വിശ്വാസികള്‍; ലഹരി വിമുക്ത നാടിനായി പ്രതിജ്ഞയും
സഹനത്തിന്റെയും ത്യാഗത്തിന്റെയും വ്രതകാലത്തിന് വിരാമമിട്ട് മൈത്രിയുടെ ചെറിയ പെരുന്നാള്‍
തിരുവനന്തപുരം: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്‍കിയ ഒരു റംസാന്‍ കാലത്തിന്റെ പരിസമാപ്തിയായി ചെറിയ പെരുന്നാള്‍ ആഘോഷം. 29 നൊയമ്പുകള്‍ പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക നമസ്‌കാരം നടക്കുകയാണ്. ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കാനാണ് മതപണ്ഡിതന്മാരുടെ നിര്‍ദേശം. പുതിയ വസ്ത്രങ്ങളണിഞ്ഞും ഈദ് ഗാഹുകളില്‍ പങ്കെടുത്തും മധുരം പങ്കിട്ടും സൗഹൃദങ്ങള്‍ പുതുക്കിയും ബന്ധുക്കളെ സന്ദര്‍ശിച്ചും വിശ്വാസികള്‍ പെരുന്നാള്‍ കൊണ്ടാടുകയാണ്.
രാവിലെ ഏഴു മണി മുതല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെരുന്നാള്‍ നമസ്‌കാരം നടത്തി. സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് പലയിടത്തും സംയുക്തമായാണ് പെരുന്നാള്‍ നമസ്‌കാരം നടത്തിയത്.
കോഴിക്കോട് ബീച്ച് ഓപ്പണ്‍ സ്റ്റേജിന് സമീപം, പെരുമണ്ണ സിന്‍സിയര്‍ ഫുട്‌ബോള്‍ ടര്‍ഫ്, എരഞ്ഞിക്കല്‍ കാട്ടുകുളങ്ങര കാച്ചിലാട്ട് സ്‌കൂള്‍ ഗ്രൗണ്ട്, പുറക്കാട്ടിരി ഹില്‍ടോപ്പ് പാര്‍ക്കിങ് ഗ്രൗണ്ട്, മെഡിക്കല്‍ കോളജ് റഹ്‌മാനിയ സ്‌കൂള്‍ ഗ്രൗണ്ട്, വെള്ളിമാടുകുന്ന് സലഫി മസ്ജിദ്, നടക്കാവ് ജില്ലാ മസ്ജിദ്, വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വന്‍ഷന്‍ സെന്റര്‍, ബേപ്പൂര്‍ മെയിന്‍ റോഡ് ടര്‍ഫ് ഗ്രൗണ്ട്, കോഴിക്കോട് മര്‍കസ് കോംപ്ലക്‌സ് മസ്ജിദ്, കാരപ്പറമ്പ് ജുമഅത്ത് പള്ളി എന്നിവിടങ്ങളില്‍ പെരുന്നാള്‍ നമസ്‌കാരം നടത്തി. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തത്.
കെഎന്‍എം സംസ്ഥാനത്തിനകത്തും പുറത്തുമായി സംഘടിപ്പിച്ച ഈദ് ഗാഹുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. രണ്ടായിരത്തിലേറെ ഈദ് ഗാഹുകളിലായി സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങളാണ് പങ്കെടുത്തത്. പെരുന്നാള്‍ ഖുതുബകളിലും ലഹരിക്കെതിരായി സമൂഹത്തിന്റെ ജാഗ്രത വേണമെന്ന ബോധവത്കരണവുമുണ്ടായി.
കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലും കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലുമായിരുന്നു പ്രധാന ഈദ് ഗാഹുകള്‍. ഗ്രേറ്റര്‍ കൊച്ചി ഈദ് ഗാഹ് കമ്മിറ്റിയാണ് മറൈന്‍ ഡ്രൈവില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചത്. 7.15ന് പ്രഭാഷകനും എഴുത്തുകാരനുമായ സദറുദ്ദീന്‍ വാഴക്കാട് ഇവിടെ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. കലൂര്‍ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 7.15ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹ് നമസ്‌കാരത്തിന് പ്രമുഖ പണ്ഡിതനും പ്രബോധകനുമായ സുബൈര്‍ പീടിയേക്കല്‍ നേതൃത്വം നല്‍കി.
ഖത്തീബുമാരുടെ ഖുതുബ കൂടി ശ്രവിച്ചാണ് വിശ്വാസികള്‍ നമസ്‌കാരത്തിനു ശേഷം മടങ്ങിയത്. സമൂഹത്തില്‍ മദ്യം, ലഹരി മരുന്ന് പോലുള്ള സാമൂഹിക തിന്മകള്‍ക്കെതിരെ പോരാട്ടം ശക്തമാക്കാനുള്ള മനസ്സുറപ്പോടെയും ആത്മചൈതന്യം നിലനിര്‍ത്തി നല്ല നാളേക്കായി പോരാടാനുമുള്ള വാക്കുകള്‍ ശ്രവിച്ചാണ് വിശ്വാസികളുടെ മടക്കം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നു. ആളുകളെ തമ്മിലടിപ്പിക്കുന്നവരെ മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോര്‍ക്കലുകളിലൂടെ ചെറുക്കണമെന്ന് ഈദ് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.
മുഖ്യമന്ത്രിയുടെ ഈദ് സന്ദേശം:
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയര്‍ത്തിപ്പിടിച്ച ഒരു റംസാന്‍ കാലമാണ് കഴിഞ്ഞുപോയത്. മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പര്‍ശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാന്‍. വേര്‍തിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവര്‍ ഈദ് ആഘോഷങ്ങളില്‍ പങ്കുചേരുകയാണ്. പരസ്പര വിശ്വാസത്തിലും സഹോദര്യത്തിലുമൂന്നിയ സാമൂഹിക ബന്ധങ്ങളുടെ തിളക്കമാണ് ഈ ആഘോഷങ്ങളുടെ പ്രധാന സവിശേഷതയെന്ന് കാണാം.
വൈവിധ്യങ്ങളുടെ സമ്പന്നതയെ ഭയക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കുകയാണ്. ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോര്‍ക്കലുകളിലൂടെ ചെറുക്കേണ്ടതുണ്ട്. ഈ ചെറിയ പെരുന്നാള്‍ ദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ.
എല്ലാവര്‍ക്കും മറുനാടന്‍ മലയാളിയുടെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍.