തിരുവനന്തപുരത്ത് വയോധികയുടെ മാല കവർന്നു; രണ്ടര പവന്റെ മാലയുമായി മുങ്ങിയ പ്രതിയെ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി
തിരുവനന്തപുരം: വെള്ളനാട് വയോധികയുടെ മാല പൊട്ടിച്ച് മുങ്ങിയ പ്രതി പിടിയിൽ. ആറ്റിങ്ങൽ കിഴുവിലം സ്വദേശി രാജീവിനെ (35) ആണ് പിടികൂടിയത്. വെള്ളനാട് മേപ്പാട്ടുമല പിള്ള വീട്ടിൽ രാജമ്മ (72) യുടെ രണ്ടര പവൻ സ്വർണ്ണമാലയാണ് പ്രതി കവർന്നത്.
ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആര്യനാട് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
വെള്ളനാട് വാളിയറ മഠത്തിന് സമീപം വെച്ചായിരുന്നു പരാതി മാല പൊട്ടിച്ചത്. നല്ല പൊക്കവും വണ്ണമുള്ള ഗ്രേ കളർ ടീഷർട്ടും നീല കളർ ജീൻസും ധരിച്ച് ഒരാൾ മാല പിടിച്ചു പറിച്ചു എന്നാണ് വിവരം ലഭിച്ചത്.
തുടർന്ന് ആര്യനാട് പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുത്തു. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.