നിയമനമില്ലാതെ സിപിഒ റാങ്ക് ലിസ്റ്റ്; കാലാവധി അവസാനിക്കാൻ രണ്ട് മാസം; റാങ്ക് ലിസ്റ്റ് വെട്ടി ചുരുക്കിയിട്ടും 30 ശതമാനം പോലും നിയമനം നടന്നില്ല; ആശങ്കയിലായി ഉദ്യോഗാർത്ഥികൾ

Update: 2025-02-18 08:14 GMT

തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കാൻ രണ്ടു മാസം മാത്രം ശേഷിക്കെ നിയമനം വൈകുന്നതിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. റാങ്ക് ലിസ്റ്റ് വെട്ടി ചുരുക്കിയിട്ടും 30 ശതമാനം പോലും നിയമനം നടന്നിട്ടില്ല. പൊലീസിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതാണ് നിയമനം വൈകാൻ കാരണം. കഴിഞ്ഞ വർഷം ഏപ്രിലിലാണ് 6647 പേരുടെ സിപിഒ റാങ്ക് ലിസ്റ്റ് പുറത്ത് വന്നത്. നിയമന ശുപാർശ നൽകിയത് 1836 പേർക്ക് മാത്രമാണ്.

പൊലീസിൽ ആൾക്ഷാമം രൂക്ഷമായിട്ടും നിയമനം ഉണ്ടാകാത്തത്തോടെ വലിയ പ്രതിസന്ധിയാണുള്ളത്. നിലവിലുള്ളവർക്ക് ജോലി സമ്മർദ്ദം അധികമാണെന്നാണ് സൂചന. ഏപ്രിലിൽ റാങ്ക് പട്ടിക നിലവിൽ വന്നെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തത് ഒക്ടോബറിലായിരുന്നു. ആദ്യ ബാച്ച് ജോലിയിൽ പ്രവേശിച്ചത് ജനുവരിയിലായിരുന്നു. ഇനി രണ്ട് മാസം മാത്രമാണ് നിയമനത്തിന്റെ കാലാവധി അവസാനിക്കാനായി ശേഷിക്കുന്നത്. എന്നാൽ വെറും 27 ശതമാനം നിയമനം മാത്രമാണ് നിലവിൽ നടത്താനായത്.

13,975 ഉദ്യോഗാർത്ഥികളാണ് കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. നിയമനം നടന്നത് 4783 പേർക്കായിരുന്നു. ഈ പട്ടികയിൽ നിന്നും 32 ശതമാനം മാത്രമാണ് നിയമനം നടന്നത്. കഴിഞ്ഞ ലിസ്റ്റിൽ നിന്നും നിയമനം നടക്കാത്തതിനെതിരെ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയറ്റിന് മുന്നിൽ സമരം നടത്തിയതിനെ തുടർന്നാണ് ലിസ്റ്റ് വെട്ടിച്ചുരുക്കി പുതിയത് തയ്യാറാക്കിയത്. നിലവിലുള്ള ലിസ്റ്റിൽ നിന്ന് നിയമനം നടത്താതെ പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു. 

Tags:    

Similar News