രഹസ്യവിവരത്തിൽ പരിശോധന; എക്സൈസ് ഇൻസ്പെക്ടറുടെ കാറിൽ നിന്നും പിടിച്ചെടുത്തത് ഏഴ് കുപ്പി വിദേശമദ്യവും 52000 രൂപയും
By : സ്വന്തം ലേഖകൻ
Update: 2025-09-04 10:27 GMT
തൃശൂർ: ഇരിങ്ങാലക്കുടയിൽ എക്സൈസ് ഇൻസ്പെക്ടറുടെ കാറിൽ നിന്ന് രേഖകളില്ലാത്ത വിദേശമദ്യവും 52,000 രൂപയും പിടികൂടി. ചാലക്കുടി ചിറങ്ങരയിൽ വെച്ച് എക്സൈസ് സംഘം വാഹനം തടഞ്ഞു പരിശോധിച്ചപ്പോഴാണ് ഏഴ് കുപ്പി വിദേശമദ്യവും പണവും കണ്ടെത്തിയത്.
രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം കാർ തടഞ്ഞു പരിശോധന നടത്തിയത്. ഓണം ആഘോഷിക്കാൻ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന എക്സൈസ് ഇൻസ്പെക്ടർ സഞ്ജിത്തിന്റെയും സംഘത്തിന്റെയും പക്കൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.
എന്നാൽ, വിമാനത്താവളത്തിൽ നിന്ന് സുഹൃത്ത് വാങ്ങിയ മദ്യമാണ് കാറിലുണ്ടായിരുന്നതെന്നും ഇതിന് രേഖകളുണ്ടെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.