മൂവാറ്റുപുഴ കടാതി പള്ളിയിൽ വെടിമരുന്നിന് തീപിടിച്ച് ഉണ്ടായ സ്ഫോടനം; പള്ളി വികാരിക്കും ട്രസ്റ്റിമാർക്കുമെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി: എറണാകുളം മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ വെടിമരുന്ന് സ്‌ഫോടനത്തിൽ പള്ളി വികാരിക്കും ട്രസ്റ്റിമാർക്കുമെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ വീഴ്ച വരുത്തിയതിനും സ്ഫോടകവസ്തു നിയമ ലംഘനം നടത്തിയതിനുമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പള്ളി വികാരി ഫാ. ബിജു വർക്കി, ട്രസ്റ്റിമാരായ സാബു പോൾ, സി.എം. എൽദോ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പള്ളിയിലെ പെരുന്നാളിന്റെ നാലാമത്തെ ദിവസം രാവിലെ കുർബാനയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. വെടിമരുന്ന് നിറയ്ക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ രവി എന്നയാളാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരാറുകാരൻ ജയിംസിന് എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്ന സമയത്ത് പള്ളിയിൽ കുർബാന നടന്നിരുന്നതിനാൽ സ്ഫോടന സ്ഥലത്ത് കൂടുതൽ ആളുകൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.