നവവല്‍സര രാത്രിയില്‍ അഗ്‌നിശമന സേനയെ വട്ടം ചുറ്റിച്ച് മദ്യപന്റെ ഫോണ്‍കോള്‍; റോഡിന് കുറുകേ മരം വീണുവെന്ന് സന്ദേശം; സേന സ്ഥലത്തു ചെല്ലുമ്പോള്‍ മരമില്ല; പണ്ടെങ്ങോ വീണു കിടന്ന മരം ഉടന്‍ മുറിച്ചു നീക്കണമെന്നും ആവശ്യം

നവവല്‍സര രാത്രിയില്‍ അഗ്‌നിശമന സേനയെ വട്ടം ചുറ്റിച്ച് മദ്യപന്റെ ഫോണ്‍കോള്‍

Update: 2025-01-01 04:26 GMT

അടൂര്‍: അഗ്‌നിശമനസേനയെ വട്ടം ചുറ്റിച്ച് മദ്യപന്റെ ഫോണ്‍കാള്‍. റോഡിന് കുറുകേ മരം വീണുവെന്നായിരുന്നു സന്ദേശം. പറഞ്ഞ സ്ഥലത്ത് സേന ചെല്ലുമ്പോള്‍ റോഡിലെങ്ങും മരമില്ല, വിളിച്ച ആളുമില്ല. ഇന്നലെ രാത്രി 11.30 ന് കെഐപി ഓഫീസിന് സമീപം റോഡിന് കുറുകേ മരം വീണുകിടക്കുന്നുവെന്ന് ഉല്ലാസ് എന്ന് പേര് പറഞ്ഞയാളാണ് അഗ്‌നിശമന നിലയത്തിലേക്ക് വിളിച്ചു പറഞ്ഞത്.

എന്നാല്‍ സേന സംഭവസ്ഥലത്ത് എത്തുമ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. സന്ദേശം വന്ന ഫോണ്‍നമ്പരിലേക്ക് സേനാംഗങ്ങള്‍ വിളിച്ചപ്പോള്‍ ഉല്ലാസ് എന്നയാള്‍ സ്ഥലത്ത് വന്നു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പറയുന്നു. പണ്ടെങ്ങോ മറിഞ്ഞു വീണ ഒരു ചെറിയ മരം ചൂണ്ടിക്കാട്ടി അത് മുറിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ റോഡിന് തടസമില്ലാതെ ഒഴിഞ്ഞ സ്ഥലത്ത് ചാഞ്ഞു കിടന്നിരുന്ന കെഐപിയുടെ ഉടമസ്ഥതയിലുള്ള മരം മുറിക്കാന്‍ സാധ്യമല്ല എന്ന് സേനാംഗങ്ങള്‍ പറഞ്ഞു.

തുടര്‍ന്ന് ഇയാള്‍ സേനാംഗങ്ങളെ അസഭ്യം വിളിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ജീവനക്കാര്‍ ഉടന്‍തന്നെ സ്റ്റേഷന്‍ ഓഫീസറെ വിവരം അറിച്ചു. അപകടാവസ്ഥയില്‍ അല്ലാത്ത കെ.ഐ.പിയു ഉടമസ്ഥതയിലുള്ള മരം മുറിച്ചു മാറ്റേണ്ട കാര്യമില്ല എന്ന് പരാതിക്കാരനോട് വിശദീകരിക്കാനും അയാള്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍ തിരിച്ചു പോരാനും സ്റ്റേഷന്‍ ഓഫീസര്‍ നിര്‍ദേശിച്ചു.

ഇതേ തുടര്‍ന്ന് സേന മടങ്ങി. എന്നാല്‍ ഇയാള്‍ സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണി മുഴക്കുകയും ഫോണിലൂടെ അസഭ്യം പറയുകയും ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

Tags:    

Similar News