തീവണ്ടി തട്ടി മരിച്ച യുവാവിനെ തിരിച്ചറിയാന്‍ 'എഐ' തുണയായി; പടന്നക്കാട് സ്വദേശി ജിതേഷിന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു
കാഞ്ഞങ്ങാട്: പടന്നക്കാട് മേല്‍പ്പാലത്തിന് സമീപം തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. പടന്നക്കാട് കരുവളം സ്വദേശിയും റൂഫിംഗ് തൊഴിലാളിയുമായ കെ. ജിതേഷ് (അപ്പു - 28) ആണ് മരിച്ചത്. തിരിച്ചറിയാന്‍ സാധിക്കാത്ത വിധം തകര്‍ന്ന മുഖം കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പുനര്‍നിര്‍മ്മിച്ച കാഞ്ഞങ്ങാട് പോലീസിന്റെ വേറിട്ട നീക്കമാണ് കേസില്‍ നിര്‍ണ്ണായകമായത്.
തിങ്കളാഴ്ച രാത്രി 7.15-ഓടെയാണ് മേല്‍പ്പാലത്തിന് സമീപം ജിതേഷിന്റെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിന്റെ ആഘാതത്തില്‍ മുഖം വികൃതമായതിനാല്‍ ആരെന്ന് തിരിച്ചറിയാന്‍ പോലീസിന് പ്രയാസമായിരുന്നു. തുടര്‍ന്നാണ് പോലീസ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് യുവാവിന്റെ മുഖച്ഛായ പ്രതിഫലിപ്പിക്കുന്ന ചിത്രം തയ്യാറാക്കിയത്. ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു.
ചിത്രം കണ്ട ബന്ധുക്കള്‍ സംശയം തോന്നി ജില്ലാ ആശുപത്രിയിലെത്തി പരിശോധിച്ചതോടെയാണ് മരിച്ചത് ജിതേഷാണെന്ന് സ്ഥിരീകരിച്ചത്. കരുവളത്തെ പരേതനായ ജനാര്‍ദ്ദനന്റെയും ബേബിയുടെയും മകനാണ് ജിതേഷ്. സഹോദരങ്ങള്‍: വിജേഷ്, വിജിഷ.
സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു മൃതദേഹം അതിവേഗം തിരിച്ചറിയാന്‍ സാധിച്ചത് പോലീസിന്റെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.