കലോത്സവ ഫണ്ട് അനുവദിച്ചില്ല; കേരള സര്‍വകലാശാലയില്‍ എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു; നേതാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ആസ്ഥാനത്ത് എസ്എഫ്ഐ മാര്‍ച്ചിനിടെ സംഘര്‍ഷം. ഇന്ന് ഉച്ചയോടെയാണ് സമരം അക്രമാസക്തമായത്. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ വിസിയുടെ ചേംബറിന് മുന്നിലെത്തി. രജിസ്ട്രാറുടെ ഓഫീസ് ഉപരോധിച്ചത് സംഘര്‍ച്ചതില്‍ കലാശിച്ചു. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
സര്‍വകലാശാലാ കലോത്സവം നടത്തുന്നതിന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തടസം നില്‍ക്കുന്നുവെന്നും, കായിക താരങ്ങള്‍ക്കുള്ള ടിഎ അനുവദിക്കുന്നില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാറുടെ ഓഫീസിനുമുന്നിലും വിസിയുടെ ചേംബറിനുമുന്നിലും എസ്എഫ്ഐ കുത്തിയിരുന്ന് സമരം ചെയ്തത്. വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോലും വിസി തയ്യാറാകുന്നില്ലെന്ന് എസ്എഫ്‌ഐ കുറ്റപ്പെടുത്തി.
രാവിലെ സര്‍വകലാശാല കവാടത്തില്‍ പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ മറികടന്ന് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് കടക്കുകയായിരുന്നു. ജലപീരങ്കി പ്രയോഗിച്ചിട്ടും പിന്മാറാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം തെരുവിലേക്കും വ്യാപിച്ചു.ഉച്ചയോടെയാണ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വാഹനം തടഞ്ഞ പ്രവര്‍ത്തകരെയെല്ലാം ബലം പ്രയോഗിച്ചാണ് നീക്കം ചെയ്തത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സര്‍വകലാശാല ആസ്ഥാനത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.