മാര്യേജ് ബ്യൂറോയായി സി.പി.എം; നേതാക്കളെ പരിഹസിച്ച് പി.സി. ജോര്‍ജ്

Update: 2026-03-12 08:23 GMT

കോട്ടയം: തിരുവനന്തപുരത്ത് നടന്ന വൈറല്‍ താരം മൊണാലിസ ഭോസ്ലയുടെയും മുഹമ്മദ് ഫര്‍മാന്റെയും വിവാഹത്തില്‍ സി.പി.എം നേതാക്കള്‍ പങ്കെടുത്തതിനെ പരിഹസിച്ച് എന്‍.ഡി.എ നേതാവ് പി.സി. ജോര്‍ജ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നേതാക്കള്‍ക്കെതിരെ രൂക്ഷമായ പരിഹാസം ഉന്നയിച്ചത്. സി.പി.എം ഇപ്പോള്‍ പോളിറ്റ് ബ്യൂറോയില്‍ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളര്‍ന്നിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'ശിവന്‍കുട്ടിയും ഗോവിന്ദനും റഹീമും കല്യാണം നടത്തി കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞു. വേടന്റെ വിവാഹം വരെ നടത്തിയ സ്ഥിതിക്ക് നിങ്ങള്‍ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്' എന്നായിരുന്നു പി.സി. ജോര്‍ജിന്റെ പരിഹാസം. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് രാഹുല്‍ ഗാന്ധിയെ അല്ലെന്നും പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെയാണെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. 'ചെറുക്കന്‍ നന്നാവട്ടെ' എന്ന പരിഹാസവും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

മൊണാലിസയുടെയും ഫര്‍മാന്റെയും വിവാഹത്തെ 'യഥാര്‍ത്ഥ കേരള സ്റ്റോറി' എന്ന് വിശേഷിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും മന്ത്രി വി. ശിവന്‍കുട്ടിയെയും ലക്ഷ്യം വെച്ചായിരുന്നു ജോര്‍ജിന്റെ പോസ്റ്റ്. വിവാഹം നടത്തിയവര്‍ അത് വലിയ വിപ്ലവമായി കൊണ്ടാടുമ്പോള്‍, അത് സേനയെയും ഭരണകൂടത്തെയും അപമാനിക്കുന്ന തരത്തിലുള്ള പ്രഹസനമായി മാറിയെന്ന് അദ്ദേഹം ആരോപിക്കുന്നു.

വാര്‍ത്താസമ്മേളനത്തില്‍ മൊണാലിസ തന്റെ പിതാവുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് പി.സി. ജോര്‍ജിന്റെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

Similar News