സാമൂഹിക ബോധത്തിന്റെ തീപ്പൊരി; ടി.കെ. മാധവന്റെ കര്‍മ്മയോഗത്തെക്കുറിച്ച് അനുസ്മരിച്ച് ആര്‍.സി. രാജീവ് ദാസിന്റെ കുറിപ്പ്; എസ് എന്‍ ഡി പിയില്‍ നിന്നും വെള്ളാപ്പള്ളിയെ അയോഗ്യനാക്കിയ ദിവസം ഒളിയമ്പ്‌

Update: 2026-03-12 08:00 GMT

ആലപ്പുഴ; കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ ടി.കെ. മാധവന്‍ എന്ന നാമം സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെ അടയാളമാണെന്ന് ഓര്‍മ്മിപ്പിച്ച് ആര്‍.സി. രാജീവ് ദാസിന്റെ കുറിപ്പ്. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ ടി.കെ. മാധവന്‍ വഹിച്ച പങ്കിനെ 'കര്‍മ്മയോഗി' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നത്. വെറുമൊരു നേതാവ് എന്നതിലുപരി ഒരു സമുദായത്തെ ഭയത്തില്‍ നിന്ന് ബോധത്തിലേക്കും ആത്മാഭിമാനത്തിലേക്കും നയിച്ച സംഘടനാ ശില്പിയായിരുന്നു ടി.കെ. മാധവനെന്ന് കുറിപ്പ് വ്യക്തമാക്കുന്നു. എസ് എന്‍ ഡി പി യൂണിയനില്‍ നിന്നും വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി പുറത്താക്കിയ ദിവസമാണ് ഈ പോസ്റ്റ്.

എസ്.എന്‍.ഡി.പി യോഗം ഇന്നത്തെ രീതിയില്‍ ശക്തിയാര്‍ജ്ജിച്ചത് വെറും പ്രസംഗങ്ങളിലൂടെയല്ല, മറിച്ച് ടി.കെ. മാധവന്‍ ഗ്രാമങ്ങള്‍ തോറും നടത്തിയ നിശബ്ദ വിപ്ലവത്തിലൂടെയാണെന്ന് രാജീവ് ദാസ് ചൂണ്ടിക്കാട്ടുന്നു. താലൂക്ക് തലത്തിലും ഗ്രാമതലത്തിലും അദ്ദേഹം സംഘടിപ്പിച്ച മഹായോഗങ്ങള്‍ അക്കാലത്തെ വലിയ പുതുമയായിരുന്നു. 'ധര്‍മ്മഭടന്മാര്‍' മുന്‍കൂട്ടി ഗ്രാമങ്ങളിലെത്തി നോട്ടീസുകള്‍ വിതരണം ചെയ്തും ജനങ്ങളെ ബോധവല്‍ക്കരിച്ചും ഈഴവ സമുദായത്തെ സംഘടിപ്പിച്ച രീതി ഇന്നും വിസ്മയകരമാണ്. മാധവന്റെ പ്രസംഗങ്ങള്‍ വേദികളെ ആവേശം കൊള്ളിക്കുക മാത്രമല്ല, ഒരു നേതൃപരിശീലന പാഠശാലയായി പ്രവര്‍ത്തിക്കുകയും ചെയ്തു. മതം, സംസ്‌കാരം, സാഹിത്യം, രാഷ്ട്രീയം തുടങ്ങി സമൂഹത്തെ സ്പര്‍ശിക്കുന്ന എല്ലാ വിഷയങ്ങളും ഈ വേദികളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

യോഗത്തില്‍ സ്ഥിരാംഗങ്ങളെ ചേര്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ അതൊരു കേവല സംഘടനാ തീരുമാനമായിരുന്നില്ല, മറിച്ച് ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയായിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. കാല്‍ ലക്ഷത്തിലധികം ആളുകളെ അംഗങ്ങളാക്കി എസ്.എന്‍.ഡി.പി യോഗത്തിന് അത്ഭുതകരമായ ശക്തി നല്‍കാന്‍ ടി.കെ. മാധവന്റെ അക്ഷീണമായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. ഗുരുദേവന്റെ ദര്‍ശനങ്ങളെ ജനങ്ങളിലേക്ക് എത്തിച്ച ആ പോരാട്ട പാതയിലെ നായകനെ ചരിത്രം ഒരിക്കലും മറക്കില്ലെന്ന് രാജീവ് ദാസ് തന്റെ കുറിപ്പിലൂടെ അടിവരയിടുന്നു.

ആര്‍ സി രാജീവ് ദാസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കേരളത്തിലെ സാമൂഹിക വിപ്ലവത്തിന്റെ ചരിത്രം എഴുതുമ്പോള്‍

T. K. Madhavan എന്ന പേര് ശ്രീനാരായണിയര്‍ക്ക് മറക്കാന്‍ സാധിക്കില്ല. TK ഒരു സാധാരണ നേതാവായിരുന്നില്ല.സംഘടനാ ശില്പി,

ഒരു സമൂഹബോധത്തിന്റെ തീപ്പൊരി,

ഒരു കര്‍മ്മയോഗി ആയിരുന്നു.

Sree Narayana Dharma Paripalana Yogam ശക്തിയാര്‍ജ്ജിച്ചത് വെറും പ്രസംഗങ്ങളിലൂടെ അല്ല.

ഗ്രാമം ഗ്രാമമായി, താലൂക്ക് താലൂക്കായി നടത്തിയ മഹായോഗങ്ങളിലൂടെ.

അന്നത്തെ കാലത്ത് അതൊരു വലിയ പുതുമയായിരുന്നു.

താലൂക്കുകള്‍ തോറും മഹായോഗങ്ങള്‍.

ഗ്രാമങ്ങളിലൊട്ടാകെ ദേശയോഗങ്ങള്‍.

മുന്‍കൂട്ടി ഗ്രാമങ്ങളിലെത്തിയ ധര്‍മ്മഭടന്മാര്‍ നോട്ടീസുകള്‍ വിതരണം ചെയ്തു.

ജനങ്ങളെ വിളിച്ചു കൂട്ടി ബോധവല്‍ക്കരിച്ചു.

ഈഴവരെ സംഘടിപ്പിച്ചു.

മാധവന്റെ പ്രസംഗം വേദിയുടെ ആത്മാവായിരുന്നു.

പക്ഷേ അത് ഒരു പ്രസംഗ വേദി മാത്രമായിരുന്നില്ല -

ഒരു നേതൃപരിശീലന പാഠശാലയായിരുന്നു.

മതം...സംസ്‌കാരം...സാഹിത്യം...രാഷ്ട്രീയം...സമൂഹത്തിന്റെ എല്ലാ വിഷയങ്ങളും

ഈ വേദികളില്‍ ചര്‍ച്ചയായി.അങ്ങനെ

ഒരു സമുദായം ഭയത്തില്‍ നിന്ന് ബോധത്തിലേക്ക്,അധീനതയില്‍ നിന്ന് ആത്മാഭിമാനത്തിലേക്ക് മാറിത്തുടങ്ങി.

യോഗത്തില്‍ സ്ഥിരാംഗങ്ങളെ ചേര്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് വെറും സംഘടനാ തീരുമാനം മാത്രമായിരുന്നില്ല.

അത് ഒരു സാമൂഹിക പ്രസ്ഥാനം ആയിരുന്നു.ആ പ്രസ്ഥാനത്തിന്റെ നായകന്‍

ടി.കെ. മാധവന്‍.അദ്ദേഹത്തിന്റെ അക്ഷീണമായ പ്രവര്‍ത്തനത്തിലൂടെ

കാല്‍ലക്ഷത്തിലധികം ആളുകളെ അംഗങ്ങളാക്കി എസ്.എന്‍.ഡി.പി യോഗത്തിന് അദ്ഭുതകരമായ ശക്തി നല്‍കി.അതിനാലാണ് ചരിത്രം പറയുന്നത്

കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന്റെ പോരാട്ട പാതയില്‍

ഗുരുദേവന്റെ ദര്‍ശനത്തെ ജനങ്ങളിലേക്ക് കൊണ്ടുപോയ കര്‍മ്മയോഗിയാണ്

ടി.കെ. മാധവന്‍.

Rajeev Das

Similar News