'ലൗ ജിഹാദല്ല, ഇത് യഥാര്‍ത്ഥ പ്രണയം'; കേരളത്തെ സുരക്ഷിത താവളമാക്കി മോണാലിസയും ഫര്‍മാനും
തിരുവനന്തപുരം: മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ മോണാലിസ ഭോസ്ലെയും കാമുകന്‍ മുഹമ്മദ് ഫര്‍മാനും (ഫര്‍മാന്‍ ഖാന്‍) തിരുവനന്തപുരത്ത് വിവാഹിതരായി. തങ്ങളുടെ വിവാഹം ലൗ ജിഹാദ് അല്ലെന്നും ഒന്നര വര്‍ഷത്തെ പ്രണയത്തിന്റെ ശുഭപര്യവസാനമാണെന്നും വിവാഹശേഷം വാര്‍ത്താസമ്മേളനത്തില്‍ മോണാലിസ വ്യക്തമാക്കി. കേരളത്തെ സുരക്ഷിതമായ ഇടമായി കാണുന്നതായും തുടര്‍ന്നും ഇവിടെത്തന്നെ താമസിക്കാനാണ് താല്‍പ്പര്യമെന്നും ദമ്പതികള്‍ പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരം പൂവാറിനടുത്തുള്ള അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തമിഴ്, മലയാളം സിനിമകളില്‍ നിന്ന് അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ തന്നെ തുടരുമെന്നും മോണാലിസ അറിയിച്ചു.
ഇന്‍ഡോര്‍ സ്വദേശിയായ മോണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫര്‍മാനും തമ്മിലുള്ള ബന്ധത്തെ മോണാലിസയുടെ പിതാവ് ജയ് സിംഗ് ഭോസ്ലെ കടുത്ത രീതിയില്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇരുവരും തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടി. മോണാലിസയ്ക്ക് പ്രായപൂര്‍ത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ നിയമപരമായ അവകാശമുണ്ടെന്നും പോലീസ് വ്യക്തമാക്കിയതോടെയാണ് വിവാഹത്തിന് വഴിയൊരുങ്ങിയത്. പ്രായപൂര്‍ത്തിയായെന്ന് തെളിയിക്കുന്ന രേഖകളും താരം വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി.
ഇരുവരുടെയും വിവാഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, എ.എ. റഹീം എം.പി എന്നിവരുടെ സാന്നിധ്യം വിവാഹത്തിന് വലിയ വാര്‍ത്താപ്രാധാന്യം നല്‍കി. 'ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി' എന്ന് വിശേഷിപ്പിച്ച നേതാക്കള്‍, ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി.
പൂവാര്‍ ക്ഷേത്ര ഭാരവാഹി അജിത്തും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. തങ്ങളുടെ സ്വകാര്യ ജീവിതത്തെ മതപരമായോ സാമൂഹികമായോ ഉള്ള തര്‍ക്കവിഷയമാക്കി മാറ്റരുതെന്ന് ദമ്പതികള്‍ അഭ്യര്‍ത്ഥിച്ചു.