മൊബൈൽ സ്ക്രീൻ ഗാർഡിലെ പശയിൽ ഒട്ടിപ്പിടിച്ചു; ചലിക്കാനാവാതെ അണലിക്കുഞ്ഞ്; വെളിച്ചെണ്ണ പ്രയോഗവും പരാജയപ്പെട്ടു; മണിക്കൂറുകൾ നീണ്ട പരിശ്രമം; അതിഥിയെ രക്ഷപ്പെടുത്തി

Update: 2026-02-10 12:10 GMT

തളിപ്പറമ്പ്: തളിപ്പറമ്പിൽ ഉപയോഗശൂന്യമായ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച അണലിക്കുഞ്ഞിനെ രക്ഷപ്പെടുത്തിയത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ. പാമ്പിനെ സുരക്ഷിതമായി വനത്തിലേക്ക് തുറന്നുവിട്ടു. തൃച്ചംബരം സ്വദേശിയായ പാമ്പുപിടുത്ത വിദഗ്ദ്ധൻ അനിൽ തൃച്ചംബരമാണ് നിർണായകമായ ഈ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

മാർക്കറ്റ് റോഡിലുള്ള സി.പി. റയീസിന്റെ മൊബൈൽ കടയിൽ നിന്നാണ് ഈ അണലിക്കുഞ്ഞിനെ കണ്ടെത്തിയത്. മൊബൈലിൽ നിന്നും ഇളക്കി മാറ്റിയ സ്ക്രീൻ ഗാർഡിലെ പശയിൽ കുടുങ്ങിയ നിലയിലായിരുന്നു ഇത്. ജീവനുണ്ടെന്ന് മനസ്സിലായതിനെത്തുടർന്ന് കടയിലെ ജീവനക്കാരൻ ഉടൻതന്നെ തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു. റെയ്ഞ്ച് ഓഫിസർ സനൂപ് കൃഷ്ണന്റെ നിർദേശപ്രകാരം പാമ്പ് റെസ്ക്യൂവർ അനിൽ തൃച്ചംബരം സ്ഥലത്തെത്തി.

തുടക്കത്തിൽ വെളിച്ചെണ്ണ ഉപയോഗിച്ച് പാമ്പിനെ പശയിൽ നിന്ന് വേർപെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടർന്ന് അണലിക്കുഞ്ഞിനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയ അനിൽ, ഏറെ ശ്രദ്ധയോടെയും ക്ഷമയോടെയുമുള്ള പരിശ്രമത്തിനൊടുവിൽ പശയിൽ നിന്ന് പൂർണ്ണമായും രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തിയ അണലിക്കുഞ്ഞിനെ പിന്നീട് വനത്തിൽ സുരക്ഷിതമായി തുറന്നുവിട്ടു. 

Tags:    

Similar News