സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സ തേടിയെത്തി; ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കൂട്ടത്തല്ല്; ഡോക്ടറുടെ പരാതിയിൽ കേസെടുത്ത് പോലീസ്

Update: 2025-12-04 15:52 GMT

കാസർകോട്: കീഴൂരിൽ നടന്ന സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സ തേടിയെത്തിയ രണ്ടു സംഘങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വെച്ച് ഏറ്റുമുട്ടി. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ നടന്ന സംഭവത്തിൽ, ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ എട്ടു പേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു.

മാങ്ങാട് ബാരയിലെ പി.ടി. ഷബീർ അലി (28), ചെമ്മനാട് കൊമ്പനടുക്കത്തെ പി. ജഗദീഷ് കുമാർ (34), കീഴൂർ പടിഞ്ഞാറിലെ അഹമ്മദ് ഷാനവാസ് (25), കൊമ്പനടുക്കത്തെ സി.കെ. അജേഷ് (27), കീഴൂർ കടപ്പുറത്തെ അബ്ദുൽ ഷഫീർ (31), മുഹമ്മദ് അഫ്നാൻ (19), സയ്യിദ് അഫ്രീദ് (27), ഡി.എം. കുഞ്ഞഹമ്മദ് (36) എന്നിവർക്കെതിരെയാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ച വൈകുന്നേരം കീഴൂർ പടിഞ്ഞാറിൽ നടന്ന സംഘർഷത്തിന് ശേഷം ചികിത്സയ്ക്കെത്തിയവരാണ് ആശുപത്രിയിലും പരസ്പരം ഏറ്റുമുട്ടിയത്. അത്യാഹിത വിഭാഗത്തിന് പുറത്ത് വെച്ചായിരുന്നു ഏറ്റുമുട്ടൽ. ആശുപത്രി ജീവനക്കാരുടെ ജോലിയെ തടസ്സപ്പെടുത്തുന്ന രീതിയിലായിരുന്നു സംഘട്ടനമെന്ന് ആശുപത്രിയിലെ ഡോക്ടർ മുഹമ്മദ് നിസാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നേരത്തെ, കീഴൂരിൽ നടന്ന ആദ്യ സംഘർഷത്തിൽ 14 പേർക്കെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. 

Tags:    

Similar News