വേദിയിൽ ഗാനമേള തുടങ്ങിയതും കണ്ടുനിന്നവരുടെ ഇടയിൽ കലാശക്കൊട്ട്; എസ്ഐയെ അടക്കം അടിച്ചുനുറുക്കി ഓടയിൽ തള്ളി; പിടിയിലായ ആളെ കണ്ട് അമ്പരപ്പ്
തിരുവനന്തപുരം: നഗരൂരിലെ ക്ഷേത്രോത്സവത്തിനിടെ നഗരൂർ എസ്ഐ അൻസാറിനെ ആക്രമിച്ച പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ (സിപിഒ) ചന്തുവിനെ സസ്പെൻഡ് ചെയ്തു. കടുത്ത അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് റൂറൽ എസ്പിയുടെ നടപടി. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി വെള്ളല്ലൂർ ശിവക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ നാട്ടുകാർ തമ്മിൽ അടിപിടിയുണ്ടായിരുന്നു. നാട്ടുകാരൻ കൂടിയായ സിവിൽ പൊലീസ് ഓഫീസർ ചന്തുവും ഈ സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരൂർ എസ്ഐ അൻസാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചന്തുവിനെയും മറ്റുള്ളവരെയും ക്ഷേത്രപരിസരത്തുനിന്ന് മാറ്റി.
എന്നാൽ, ഗാനമേള കഴിഞ്ഞ് പൊലീസ് സംഘം മടങ്ങവേ ചന്തുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ അക്രമം അഴിച്ചുവിടുകയായിരുന്നു. എസ്ഐ അൻസാറിനെ മർദിക്കുകയും സമീപത്തെ ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് ചന്തുവിനെയും സഹോദരൻ ആരോമലിനെയും ആദ്യതനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് പിന്നീട് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെയാണ് ജില്ലാ പൊലീസ് സൂപ്രണ്ട് ജെ. മഹേഷ് ചന്തുവിനെ സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള ചുമതല ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ്. സൂപ്പീരിയർ ഓഫീസറെ ആക്രമിച്ച സംഭവം പൊലീസ് സേനയിലെ അച്ചടക്കലംഘനങ്ങളുടെ ഗൗരവം വർധിപ്പിക്കുന്ന ഒന്നായി കണക്കാക്കപ്പെടുന്നു.