രഹസ്യ വിവരത്തിൽ പരിശോധന; പത്തനംതിട്ടയിൽ വീട്ടിൽ നിന്നും പിടികൂടിയത് 220 കുപ്പി വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

Update: 2025-11-02 00:19 GMT

പത്തനംതിട്ട: പത്തനംതിട്ട റാന്നി കൊല്ലമുളയിൽ അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടികൂടി എക്സൈസ്. 220 കുപ്പി വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളുമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. റെയ്ഡിന് തൊട്ടുമുൻപ് സ്ഥലംവിട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാണ്.

സർക്കാർ മദ്യവിൽപനശാലയാണോ എന്ന് സംശയിക്കുന്ന തരത്തിൽ അടുക്കിവെച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. ഡ്രൈ ഡേ ദിനത്തിൽ ഈ പ്രദേശത്ത് അനധികൃത മദ്യവിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ ഇന്നലെ മുതൽ സ്ഥലത്ത് ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.

പരിശോധനയ്ക്കിടെ അടഞ്ഞുകിടന്ന വീടിന്റെ വാതിൽ ഇടയ്ക്ക് ആരോ തുറന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അവർ അകത്തേക്ക് പ്രവേശിച്ചത്. ഇതോടെ വില്പനക്കാരൻ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 220 കുപ്പി വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെത്തുകയായിരുന്നു. ഈ പ്രദേശത്ത് ഒരു വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് എക്സൈസ് സംഘം അറിയിച്ചു. 

Tags:    

Similar News