രാത്രി ബാഗും തൂക്കി നടക്കുന്നയാളെ കണ്ട് സംശയം; പൊലീസ് അടുത്തെത്തിയതും വെപ്രാളം; പരിശോധനയിൽ 2.5 കിലോ കഞ്ചാവ് പിടികൂടി

Update: 2025-08-21 13:37 GMT

തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ വിഴിഞ്ഞത്തിനടുത്ത് മുക്കോലയിൽ നിന്ന് രണ്ടര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിലായി. അസം സ്വദേശിയും പോത്തൻകോട്ടെ കോഴിക്കടയിലെ തൊഴിലാളിയുമായ സുൽത്താൻ അഹമ്മദ്(27) ആണ് എക്സൈസ് നെയ്യാറ്റിൻകര റെയ്ഞ്ച് ഇൻസ്പെക്ടറുടെയും സംഘത്തിന്റെയും പിടിയിലായത്.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ദേശീയപാതയിൽ പട്രോളിങ് നടത്തുകയായിരുന്ന എക്സൈസ് സംഘം മുക്കോലയിലെ സർവീസ് റോഡിലൂടെ സംശയകരമായ സാഹചര്യത്തിൽ നടന്നുപോവുകയായിരുന്ന സുൽത്താൻ അഹമ്മദിനെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുക്കോലയിലെ സർവീസ് റോഡിനടുത്തുള്ള ഒരു ഇടറോഡിലുള്ള ഒരാൾക്ക് വിൽക്കുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. റെയ്ഞ്ച് ഇൻസ്പെക്ടർ ജെ. എസ്. പ്രശാന്ത്, അസി. ഇൻ സ്പെക്ടർ എൻ.മണിവർണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ബി. പ്രസന്നൻ, എസ്.അനീഷ്, യു.കെ.ലാൽ കുമാർ, എം.വിനോദ് കുമാർ, അൽത്താഫ്, അഖിൽ, എസ്. ശ്രീജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഓണത്തോട് അനുബന്ധിച്ച് ലഹരി വസ്തുക്കൾക്കെതിരെ ശക്തമായ പരിശോധനകളാണ് സംസ്ഥാനത്ത് നടക്കുന്നത്.

Tags:    

Similar News