തലശേരിയിലെ പലിശരഹിത സ്വര്‍ണ്ണ വായ്പാ തട്ടിപ്പ്: മുഖ്യപ്രതി ഇസ്മയില്‍ കൊച്ചിയില്‍ അറസ്റ്റില്‍
തലശേരിയിലെ പലിശരഹിത സ്വര്‍ണ്ണ വായ്പാ തട്ടിപ്പ്
കണ്ണൂര്‍: 'തലശ്ശേരിയില്‍ പലിശരഹിത സ്വര്‍ണ്ണ വായ്പയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ 'സിറ്റി അല്‍മാസ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്' ഉടമ പി.പി. ഇസ്മയിലിനെ (42) ധര്‍മ്മടം പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന എടക്കാട് ഉസ്സന്‍ മുക്ക് സ്വദേശിയായ ഇസ്മയിലിനെ എറണാകുളം നോര്‍ത്ത് പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. വായ്പാ കാലാവധി കഴിയുമ്പോള്‍ പണം തിരിച്ചടച്ചാല്‍ പണയം വെച്ച സ്വര്‍ണ്ണമോ അല്ലെങ്കില്‍ അതേ തൂക്കത്തില്‍ പുതിയ മോഡലുകളോ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്.
ധര്‍മ്മടം സ്വദേശിനിയായ വീട്ടമ്മയ്ക്ക് വായ്പ വാഗ്ദാനം ചെയ്ത് 62.300 ഗ്രാം സ്വര്‍ണ്ണവും, പിന്നീട് സ്വര്‍ണ്ണം തിരികെ നല്‍കാമെന്ന് പറഞ്ഞ് 1,25,000 രൂപയും ഇവര്‍ കൈക്കലാക്കി. പണമോ സ്വര്‍ണ്ണമോ തിരികെ ലഭിക്കാതായതോടെയാണ് വീട്ടമ്മ പോലീസിനെ സമീപിച്ചത്. ഈ സംഘം സമാനമായ രീതിയില്‍ ഏകദേശം 3 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. പ്രതികള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 35-ഓളം കേസുകള്‍ നിലവിലുണ്ട്.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ഇ. പ്രകാശന്‍, സി. മുഹമ്മദ് ഷിബില്‍, ഏജന്റുമാരായ അബ്ദുസലിം, അഫ്‌സല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപന്റെ നിര്‍ദ്ദേശപ്രകാരം ധര്‍മ്മടം എസ്.ഐ ജെ. ഷജീമും സംഘവുമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.